

ഇറാനിലെ ഭരണകൂടവിരുദ്ധ ജനകീയ പ്രക്ഷോഭം ഒൻപതാം ദിനത്തിലേക്ക് കടക്കുമ്പോൾ 78 നഗരങ്ങളും 26 പ്രവിശ്യകളും അടക്കം 122 ഇടങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. 19 പ്രക്ഷോഭകരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കലാപത്തെ തുടർന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. പ്രധാന നഗരങ്ങളും കടന്ന് പ്രവിശ്യകളിലേക്ക് പ്രക്ഷോഭം പടർന്നതായാണ് സൂചന.
പടിഞ്ഞാറൻ ഇറാനിലും ഗ്രാമീണ മേഖലകളിലും പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാ സൈന്യം നടത്തിയ ശ്രമങ്ങൾ സംഘർഷത്തിൽ കലാശിച്ചു. സമരക്കാരെ നിലക്ക് നിർത്തണമെന്ന ആയത്തൊള്ള അലി ഖമനേയിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പൊലീസും ഐആർജിസി വിഭാഗങ്ങളും കടുത്ത നടപടിയാണ് സമരത്തിനെതിരെ സ്വീകരിക്കുന്നത്.
കുർദിഷ്, ലോർ ന്യൂനപക്ഷങ്ങൾ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളിലാണ് ഏറ്റവും പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇറാനിലെ സ്ത്രീകളുടെ കർശനമായ വസ്ത്രധാരണ രീതി ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് 2022-2023 കാലഘട്ടത്തിൽ ഉണ്ടായ പ്രക്ഷോഭത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രക്ഷോഭമാണിത്.
ഇറാനിലെ 31 പ്രവിശ്യകളിൽ 23 എണ്ണത്തിലും പ്രതിഷേധങ്ങൾ നടക്കുകയാണ്. 40 നഗരങ്ങളെയെങ്കിലും പ്രക്ഷോഭം ബാധിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മലേക്ഷാഹി കൗണ്ടിയിൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെപ്പിൽ കുർദിഷ് വിഭാഗക്കാരായ നാലുപേർ കൊല്ലപ്പെട്ടതായി നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ മനുഷ്യാവകാശ സംഘടന അറിയിച്ചു. പ്രതിഷേധക്കാരുടെ മൃതദേഹങ്ങൾ പിടിച്ചെടുക്കാൻ അധികൃതർ ഇലാം നഗരത്തിലെ പ്രധാന ആശുപത്രിയിൽ റെയ്ഡ് നടത്തിയതായും അവർ ആരോപിച്ചു.
അതേസമയം, പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച കലാപകാരികളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഒരംഗവും രണ്ട് അക്രമികളും കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടുതൽ പ്രതിഷേധക്കാർ കൊല്ലപ്പെട്ടാൽ ഇറാനെ നേരിടുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിൻ്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കാലാപകാരികളെ ഒതുക്കി നിർത്താൻ അറിയാമെന്നുമായിരുന്നു ആയത്തൊള്ള ഖമനേയിയുടെ പ്രതികരണം.