

മാധ്യമപ്രവർത്തകനും, പുലിറ്റ്സർ പുരസ്‌കാര ജേതാവുമായ പീറ്റർ ആർനെറ്റ് അന്തരിച്ചു.91 വയസായിരുന്നു. യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്ന പീറ്ററിൻ്റെ വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിൽ ബുധനാഴ്ച വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.
അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിയുടെയും സിഎൻ എന്നിൻ്റെയും റിപ്പോർട്ടറായി പീറ്റർ പ്രവർത്തിച്ചിട്ടുണ്ട്.1966ൽ സിഎൻഎന്നിനു വേണ്ടി നടത്തിയ വിയത്നാം യുദ്ധ റിപ്പോർട്ടിങ്ങാണ് പുലിറ്റ്സർ പുരസ്കാരം നേടി കൊടുത്തത്. ഇറാഖ് പ്രസിഡൻ്റ് സദ്ദാം ഹുസൈനുമായും, ഒസാമ ബിൻ ലാദനുമായും ആർനെറ്റ് നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധ നേടിയിരുന്നു.
1934ൽ ന്യൂസിലൻഡിലെ റിവേർട്ടണിൽ ജനിച്ച ആർനെറ്റ് സൗത്ത്ലാൻഡ് ടൈംസ് എന്ന പ്രാദേശിക ദിനപത്രത്തിലാണ് തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1995-ൽ അദ്ദേഹം തൻ്റെ ഓർമ്മക്കുറിപ്പായ "ലൈവ് ഫ്രം ദി ബാറ്റിൽഫീൽഡ്: ഫ്രം വിയറ്റ്നാം ടു ബാഗ്ദാദ്, 35 ഇയേഴ്സ് ഇൻ ദി വേൾഡ്സ് വാർ സോണസ്" പ്രസിദ്ധീകരിച്ചു.