

അമേരിക്കയുടെ സമാധാന കരാറിൽ ഇടഞ്ഞ് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. റഷ്യ ആവശ്യപ്പെടുന്നിടത്ത് നിന്നും യുക്രെയ്ൻ സൈന്യം പിന്മാറണമെന്ന് പുടിൻ ആവശ്യപ്പെട്ടു. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് , ഖേഴ്സൺ, സപോറേഷ്യ തുടങ്ങിയ പ്രദേശങ്ങൾ വിട്ടു കിട്ടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും പുടിൻ വ്യക്തമാക്കി. അത്തരത്തിൽ പിന്മാറിയാൽ മാത്രമേ സമാധാനക്കരാറിൽ ഒപ്പിടുകയുള്ളുവെന്നും പുടിൻ പറഞ്ഞു. അല്ലാത്ത പക്ഷം സൈനിക മാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിൻ അറിയിച്ചു.
റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾക്ക് അംഗീകാരം നൽകണമെന്നും പുടിൻ ആവശ്യപ്പെട്ടു. എന്നാൽ റഷ്യയുടെ ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുക്രെയ്ൻ. ഇതോടെ രണ്ടാം സമാധാന പദ്ധതിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൻ്റെ നേതൃത്വത്തിലുള്ള സംഘവുമായി പുതുക്കിയ സമാധാന പദ്ധതി ചർച്ച ചെയ്യാനിരിക്കെയാണ് പുടിൻ്റെ പ്രതികരണം. റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പുടിൻ നയം വ്യക്തമാക്കിയത്. ഇരു ഭാഗങ്ങളിൽ നിന്നുമുള്ള നിർദേശങ്ങൾ പരിഗണിച്ച് സമാധാന പദ്ധതി പുതുക്കിയതായും ഏതാനും ചെറിയ കാര്യങ്ങളിൽ മാത്രമേ തീരുമാനമാകുവാനുള്ളുവെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രതീക്ഷ പങ്കുവെച്ചിരുന്നു.