കാരക്കാസ്: വെനസ്വേലയില്‍ ജനുവരി 8ന് ശേഷം 139 രാഷ്ട്രീയ തടവുകാർ മോചിതരായെന്ന് അവകാശ സംഘടനയായ ഫോറോ പീനല്‍. പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ തട്ടിക്കൊണ്ടുപോയ ശേഷം വെനസ്വേലയില്‍ പിടിമുറുക്കിയ യുഎസ് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി സമ്മർദം കടുപ്പിച്ചിരുന്നു. അതേസമയം 400ൽ അധികം രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചുവെന്നാണ് ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗ്രിസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ കണക്ക്.
കഴിഞ്ഞദിവസം, ചെക്ക്, ഹംഗേറിയന്‍, ഡച്ച്, ജർമന്‍ പൗരന്മാർ അടക്കം ഈവിധം മോചിതരായിരുന്നു. പ്രസിഡന്റിനെതിരായ കൊലപാതക ഗൂഢാലോചന, രാജ്യദ്രോഹം, ഭീകരവാദക്കുറ്റങ്ങൾ അടക്കം ചുമത്തപ്പെട്ടവരാണ് മോചിതരായത്. ജനുവരി 3 ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്ന് സമാധാന നടപടിയായി നിരവധി രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്ന് റോഡ്രിഗസും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു.
രാഷ്ട്രീയ തടവുകാരുടെ മോചനം വെനസ്വേലയിലെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ നേതാക്കളും ദീർഘകാലമായി ഉയർത്തുന്ന ആവശ്യമാണ്. അന്താരാഷ്ട്ര സംഘടനകളുൾപ്പെടെ ഇതിനെ പിന്തുണച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ആളുകളെ തടവിലാക്കിയിട്ടുണ്ടെന്ന ആരോപണം വെനസ്വേലൻ സർക്കാർ എല്ലാക്കാലവും നിഷേധിച്ചിരുന്നു, 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടർന്ന് തടവിലാക്കപ്പെട്ട 2,000 പേരിൽ ഭൂരിഭാഗത്തെയും ഇതിനകം മോചിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.