
50 ഓളം യാത്രക്കാരുമായി പോയ റഷ്യൻ വിമാനം യാത്രാമധ്യേ തകർന്നു വീണെന്ന് റിപ്പോർട്ട്. റഷ്യ-ചൈന അതിർത്തിയിലുള്ള അമുർ മേഖലയിലാണ് അങ്കാര എയർലൈൻസിൻ്റെ എഎൻ 24 വിമാന ഭാഗങ്ങൾ കത്തുന്ന നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
വിമാനത്തിൽ 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെല്ലാം അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടെന്നാണ് വിവരം. അൻ്റോണോവ് 24 എന്ന പേരിലുള്ള യാത്രാവിമാനം ടിൻഡ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.
നേരത്തെ റഷ്യൻ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതരാണ് ആദ്യം സ്ഥിരീകരിച്ചത്. വിമാനം ചൈനയോട് ചേർന്നുള്ള അമുർ മേഖലയിലെ ടിൻഡയിലേക്ക് അടുക്കുന്നതിനിടെ ആശയവിനിമയം നിലയ്ക്കുകയായിരുന്നു.
തുടർന്ന് വിമാനം കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ അമുർ മേഖലയിൽ കണ്ടെത്തിയെന്നും തീപിടിച്ച നിലയിലുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനം, ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാർ സ്‌ക്രീനുകളിൽ നിന്ന് തെന്നിമാറിയതായി രാജ്യത്തെ റീജ്യനൽ എമർജൻസി മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.