മുകല്ല തുറമുഖത്തെ സൗദി ആക്രമണത്തിന് പിന്നാലെ യെമെനിൽ നിന്ന് ഭീകരവിരുദ്ധ സേനയെ പിൻവലിക്കാൻ യുഎഇ തീരുമാനമെടുത്തു. യുഎഇ സൈനികർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് യെമെനി ഔദ്യോഗിക ഭരണകൂടമായ പ്രെസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ യെമെനിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള തീരുമാനം സ്വമേധയാ ഉള്ളതാണെന്ന് യുഎഎ വിശദീകരിക്കുന്നു. ഇതിനിടെ മുകല്ല തുറമുഖ ആക്രമണത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ സൗദി അറേബ്യ പുറത്തുവിട്ടു.
സൗദി അറേബ്യയെയോ യെമൻ സർക്കാരിനെയോ അറിയിക്കാതെ, സതേൺ ട്രാൻസിഷണൽ കൗൺസിലിലേക്ക് (എസ്‌ടിസി) ഉദ്ദേശിച്ചിരുന്ന 80 ലധികം വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ കണ്ടെയ്‌നറുകളുമായി രണ്ട് കപ്പലുകൾ മുകല്ല തുറമുഖത്ത് പ്രവേശിച്ചതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു. സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള സൈനിക സംഘർഷത്തെ തുടർന്ന് മുകല്ല സ്ഥിതിചെയ്യുന്ന ഹദ്രാമൗട്ട് ഗവർണറേറ്റിൽ യെമൻ സർക്കാരിന്റെ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു.
സ്വതന്ത്ര തെക്കൻ യെമെൻ വാദികളായ എസ് റ്റി സിയെ യുഎഇ പിന്തുണയ്ക്കുന്നതിന്‍റെ പേരിൽ സൗദി അറേബ്യ -യുഎഇ ബന്ധം ഉലഞ്ഞിരുന്നു. ഇതിനിടെ, 500 മില്യൺ യുഎസ് ഡോളറിന്‍റെ സൗദി മെഗാസിറ്റി പദ്ധതിയായ നിയോം ആക്രമിക്കാൻ യുഎഇ പണം വാഗ്ദാനം ചെയ്തുവെന്ന് ഹൂതി കമാൻഡർ ആരോപിച്ചു. തുടർന്ന് മുകല്ല തുറമുഖത്ത് സൗദി അറേബ്യ നടത്തിയ ആക്രമണത്തോടെ കാര്യങ്ങൾ യുഎഇയുമായുള്ള സംഘർഷം കടുപ്പിച്ചു. ചൊവ്വാഴ്ച യെമനിലെ തുറമുഖ നഗരമായ മുകല്ലയിലാണ് സൗദി ബോംബാക്രമണം നടത്തിയത് .ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 90 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് വിശദീകരണം. കര, കടൽ, വ്യോമ പാതകളിലൂടെയുള്ള ഗതാഗതം 72 മണിക്കൂർ നിരോധിച്ചതായും പ്രസിഡൻ്റ് വ്യക്തമാക്കി.
ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള രാജ്യത്തെ ഔദ്യോഗിക സർക്കാരും തമ്മിൽ രൂക്ഷമായ അധികാര വടംവലി നടക്കുന്നതിനിടയിലാണ് യെമെനിലെ ആഭ്യന്തര രാഷ്ട്രീയ സംഘർഷ നാടകത്തിൽ 'സ്വതന്ത്ര തെക്കൻ യെമെൻ' എന്ന അങ്കം കൂടി അവതരിക്കുന്നത്. നിലവിൽ, തലസ്ഥാനമായ സനാ അടക്കം യെമെനിന്‍റെ സിംഹഭാഗവും ഷിയാ മിലിറ്റന്‍റ് ഗ്രൂപ്പായ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. എന്നാൽ ഈ ഡിസംബർ ആദ്യവാരത്തോടെ സതേൺ യെമെൻ പ്രസ്ഥാനത്തിന്‍റെ മുന്നേറ്റം ശക്തമായി. സതേൺ ട്രാൻസിഷനൽ കൌൺസിൽ എന്ന യുഎഇ പിന്തുണയുള്ള സായുധ സംഘം മുൻ തെക്കൻ യെമെന്‍റെ ഭാഗമായിരുന്ന സുപ്രധാന മേഖലകളൊക്കെ തങ്ങളുടെ നിയന്ത്രണത്തിലാക്കി. എണ്ണ സംപുഷ്ടമായ ഹദർമൌത് പ്രവിശ്യയും അൽ -മ ഹ്രയമടക്കം എസ് റ്റി സി പിടിച്ചെടുത്തു.
യെമെനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണയ്ക്കുന്ന സൌദി ഈ മുന്നേറ്റത്തെ ഭീഷണിയായി കണ്ടു. പിന്നാലെ ഡിസംബർ 30 ന് മുകല്ല തുറമുഖത്ത് സൌദി വ്യോമാക്രമണം നടത്തി. യു എ ഇ യുടെ ആയുധ ഷിപ്മെന്‍റുകളെ ലക്ഷ്യിട്ടായിരുന്നു ആക്രമണം. എസ് റ്റി സി ക്ക് കൈമാറാനുള്ള ആയുധങ്ങളായിരുന്നു ഷിപ്മെന്‍റിലെന്നായിരുന്നു സൗദി ന്യായീകരണം. പിന്നാലെ യുഎഇയുമായുള്ള പ്രതിരോധ കരാർ യെമെനി ഔദ്യോഗിക ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ റദ്ദാക്കി. എമിരാറ്റി സൈനികരോട് രാജ്യം വിടാനും ആവശ്യപ്പെട്ടു. അതേസമയം 2022 മുതൽ എസ് റ്റി സിയുമായി ഒരു ഉടമ്പടിയിലായതിനാൽ ഹൂത്തികൾ എസ് റ്റി സി മുന്നേറ്റത്തോട് മൗനം പാലിച്ചു. സൗദി-ഇറാൻ-യുഎഇ താത്പര്യങ്ങളുടെ സംഘർഷമാണ് യെമെനിൽ നടക്കുന്നത്.
ഇതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ മുൻകയ്യിൽ പ്രഖ്യാപക്കപ്പെട്ട സൗദി വിഷൻ 2030 ന്‍റെ ഭാഗമായി വടക്ക് പടിഞ്ഞാറൻ സൗദിയിൽ നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഫ്യൂച്യറിസ്റ്റിക് മെഗാ സിറ്റി പദ്ധതിയിൽ ഡ്രോണാക്രമണം നടത്താൻ 2023ൽ യുഎഇ ഇടനിലക്കാർ വഴി പണം വാഗ്ദാനം ചെയ്തെന്ന് ഹൂത്തി സൈനിക കമാൻഡർ റ്റെലിവിഷൻ ചർച്ചയിൽ ആരോപിച്ചു. ലോകം കണ്ട ഏറ്റവും വലിയ മാനവികതാ പ്രതിസന്ധിയാണ് ഇന്ന് യെമെനിൽ നടക്കുന്ന ആഭ്യന്തര സംഘർഷം. രാജ്യത്തെ പകുതിവരുന്ന ജനത പട്ടിണിയിലാണ്. പലയിടങ്ങളിലും ക്ഷാമസമാനമായ സാഹചര്യമുണ്ട്.പുതിയ സംഘർഷങ്ങൾകൂടി ഉടലെടുത്തതോടെ ഈ സാഹചര്യം കൂടുതൽ രൂക്ഷമാവുകയാണ്.