ശ്വാസകോശത്തിൽ കുടുങ്ങിയ നിലയിൽ മൂക്കുത്തികൾ; കണ്ടെത്തിയത് മൂന്ന് സ്ത്രീകളിൽ

ബ്രോങ്കാസ്കോപ്പിയിൽ കഴിയാതെ വന്നാൽ പിന്നെ ശസ്ത്രക്രിയ, ശ്വാസകോശത്തിന്റെ ഭാഗം മുറിച്ചുമാറ്റൽ പോലുള്ള നടപടികൾ വേണ്ടിവരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on
Updated on

കൊച്ചി: മുഖത്തിന് അഴകാണ് മൂക്കുത്തി എന്ന് പറയും. സാധാരണയായി നിരവധി സ്ത്രീകൾ മൂക്കുത്തി അണിയുന്നുണ്ട്. ട്രെൻഡ് പിടിച്ച് ഇപ്പോൾ പുരുഷൻമാരിൽ മൂക്കുത്തി കടന്നുവന്നിരിക്കുന്നു. സംഗതി അഴകും ഫാഷനുമൊക്കെയാണെങ്കിലും മൂക്കുത്തി ജീവനു തന്നെ ഭീഷണിയായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതും ഒന്നല്ല, മൂന്ന് പേരിൽ. കൊച്ചിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്നാണ് മൂക്കുത്തിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്.

പ്രതീകാത്മക ചിത്രം
ലക്ഷണങ്ങൾ തുടക്കത്തിൽ അറിയില്ല; പക്ഷെ ഈ രോഗങ്ങൾ അപകടം

അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമനോളജി വിഭാഗമാണ് മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തിൽ നിന്ന് മൂക്കുത്തിയുടെ ആണി അടക്കമുള്ള ഭാഗങ്ങൾ നീക്കം ചെയ്തത്. മൂക്കിത്തി അകത്ത് പോയകാര്യം ഇവർ അറിഞ്ഞിട്ടില്ല എന്നതാണ് അതിശയകരമായ കാര്യം. വിദേശ യാത്രയ്ക്കായി നടത്തിയ വിസാ പരിശോധനകളിലൂടെയാണ് രണ്ടുപേരിൽ ഇക്കാര്യം വ്യക്തമായത്. പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ മൂന്ന് പേർക്കും തോന്നിയിരുന്നില്ല.

31 കാരിയുടെ ശ്വാസകോശത്തിന്റെ അടിവശത്തായി തറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു സ്വർണ മൂക്കുത്തിയുടെ ആണി കിടന്നിരുന്നത്. രണ്ടു വർഷം മുൻപ് ഇത് നഷ്ടപ്പെട്ടെന്നായിരുന്നു അവർ കരുതിയത്. 44 കാരിയുടെ ശ്വാസകോശത്തിൽ വെള്ളി മൂക്കുത്തിയുടെ ആണിയാണ് കണ്ടെത്തിയത്. ആറുമാസം മുൻപ് കാണാതെ പോയതായിരുന്നു ഇത്. ആരോഗ്യപരിശോധനയുടെ ഭാഗമായി എക്സറേ എടുത്തപ്പോഴാണ് 52 കാരിയുടെ ശ്വാസകോശത്തിന്റെ വലതുഭാഗത്തായി മൂക്കുത്തിയുടെ ആണി കണ്ടെത്തിയത്. രണ്ടു വർഷമായി ഈ മൂക്കുത്തി കാണാതായിട്ട്.

മൂന്ന് സ്ത്രീകളിലും ചെറിയ ചുമയല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടിരുന്നില്ല. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമനോളജി വിഭാഗം മേദാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപി രീതിയിൽ ട്യൂബുകൾ ശ്വാസകോശത്തിലേക്ക് കടത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂക്കുത്തിയുടെ ഭാഗങ്ങൾ പുറത്തെടുത്തത്.

പ്രതീകാത്മക ചിത്രം
മായവുമില്ല, മന്ത്രവുമില്ല, ശസ്ത്രക്രിയയുമില്ല; 120 കിലോ ഭാരം കുറച്ചതിനെ കുറിച്ച് അദ്‌നാന്‍ സമി

ഉറക്കത്തിലോ മറ്റോ അബദ്ധവശാൽ മൂക്കുത്തിയുടെ ഭാഗങ്ങൾ ശ്വാസകോശത്തിൽ എത്തിയിരിക്കാനാണ് സാധ്യത. എന്നാൽ ഇത് പലരും ശ്രദ്ധിക്കാറില്ല. നഷ്ടപ്പെട്ടെന്നു കരുതി വിട്ടുകളയുകയാണ് പതിവെന്ന് ഡോക്ടർ പറഞ്ഞു. ബ്രോങ്കാസ്കോപ്പിയിലൂടെ നീക്കം ചെയ്യാൻ സാധിച്ചത് വലിയ കാര്യമാണ്. അല്ലെങ്കിൽ ശസ്ത്രക്രിയ, ശ്വാസകോശത്തിന്റെ ഭാഗം മുറിച്ചുമാറ്റൽ പോലുള്ള നടപടികൾ വേണ്ടിവന്നേക്കാമെന്നും ഡോ. ടിങ്കു പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com