

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ രൂക്ഷ ഭാഷയില്‍ വിശേഷിപ്പിച്ച് മുന്‍ കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍. കാനേഡിയന്‍ മാധ്യമമായ ദി ഗ്ലോബ് ആന്റ് മെയിലില്‍ എഴുതിയ ലേഖനത്തിലാണ് ഹാര്‍പ്പറിന്റെ പരാമര്‍ശങ്ങള്‍. പ്രധാനമന്ത്രി പദവിയിലുള്ള അനുഭവങ്ങളും റഷ്യയുമായുള്ള ബന്ധത്തെ കുറിച്ചും വിവരിക്കുകയായിരുന്നു അദ്ദേഹം.
ശക്തനായ, മതിപ്പുളവാക്കുന്ന, ബുദ്ധിമാനും അങ്ങേയറ്റം അച്ചടക്കവുമുള്ള, സ്വാധീനശക്തിയുള്ള എന്നാൽ ദുഷ്ടനായ സിനിമാ വില്ലനെ വെല്ലുന്ന മനുഷ്യനെന്നാണ് വ്ളാഡിമിര്‍ പുടിനെ സ്റ്റീഫന്‍ ഹാര്‍പ്പര്‍ വിശേഷിപ്പിച്ചത്. പുടിനെ പുകഴ്ത്തുകയും അതോടൊപ്പം അപകടം പിടിച്ച വ്യക്തിയുമെന്നാണ് ഹാര്‍പ്പറിന്റെ അഭിപ്രായം.
പുടിന് മിടുക്കനും കഠിനാധ്വാനിയുമാണെന്ന് ഹാര്‍പ്പര്‍ തന്റെ ലേഖനത്തില്‍ സമ്മതിക്കുന്നുണ്ട്. അതേസമയം അദ്ദേഹം കടുത്ത സ്വാര്‍ത്ഥതയോടെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നവനും പരമ ദുഷ്ടനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
പുടിനെ ഒരിക്കലും താന്‍ തള്ളിക്കളയുകയോ നിസ്സാരനായി കാണുകയോ ചെയ്തിട്ടില്ല. പല കാര്യങ്ങളിലും മതിപ്പുളവാക്കുന്ന ശക്തനായ നേതാവാണ് അദ്ദേഹം. ബുദ്ധിമാനും തികഞ്ഞ അച്ചടക്കമുള്ളയാളുമാണ്. അന്താരാഷ്ട്ര യോഗങ്ങളില്‍ തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് പൂര്‍ണമായി തയ്യാറെടുത്താണ് അദ്ദേഹം എത്താറുള്ളത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് ആയിരുന്നതിന്റെ അനുഭവം അദ്ദേഹത്തിനുണ്ട്, അതുകൊണ്ടായിരിക്കാം, വളരെ മൃദുവായ ശബ്ദത്തില്‍ സംസാരിക്കുന്നവനും ഏതാണ്ട് ലജ്ജാശീലനുമായി തോന്നിപ്പിക്കുമെങ്കിലും, മറ്റുള്ളവരുടെ ബലഹീനതകള്‍ പെട്ടെന്ന് കണ്ടെത്താനും അവയെ ചൂഷണം ചെയ്യാനും അദ്ദേഹം മിടുക്കനാണ്. ആ പുറംപൂച്ച് പൊളിച്ചുകാണിക്കാന്‍ താന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. - ഹാര്‍പ്പര്‍ തന്റെ ലേഖനത്തില്‍ പറയുന്നു.
പ്രശസ്തരായ പല വ്യക്തികളേയും താന്‍ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും മറ്റാരേക്കാളും കൂടുതല്‍ ആളുകള്‍ തന്നോട് ചോദിച്ചത് പുടിനെ കുറിച്ചാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ജെയിംസ് ബോണ്ട് വില്ലനെ പോലുള്ള വ്യക്തിയായതു കൊണ്ടാകാം. എത്ര നല്ല ഗുണങ്ങളുണ്ടെങ്കിലും അദ്ദേഹം തികച്ചും ദുഷ്ടനാണ്. ഒഴിവാക്കാമായിരുന്ന പല ദ്രോഹങ്ങളും സ്വന്തം രാജ്യത്തും ലോകത്തും അയാള്‍ അറിഞ്ഞു കൊണ്ട് തന്നെ വരുത്തിവെച്ചിട്ടുണ്ട്. അതിനെ കുറിച്ച് തനിക്ക് കൂടുതല്‍ പറയാനുണ്ടെന്നും ഹാര്‍പ്പര്‍ തുറന്നു പറഞ്ഞു .
2006 മുതല്‍ 2015 വരെ കാനഡയുടെ പ്രധാനമന്ത്രിയായിരുന്നു സ്റ്റീഫന്‍ ഹാര്‍പ്പര്‍. കാനഡയുടെ ഇരുപത്തിരണ്ടാമത് പ്രധാനമന്ത്രിയായിരുന്ന ഹാര്‍പ്പറും പുടിനും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല. റഷ്യയുമായി നിരന്തരം നയതന്ത്ര സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഹാര്‍പ്പര്‍, പുടിന് ലോക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പ്രഖ്യാപിച്ചിരുന്നു.
2014-ല്‍ യുക്രെയ്ന്റെ ഭാഗമായ ക്രിമിയയിലെ പുടിന്റെ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധങ്ങളില്‍ ഒന്ന് ഏര്‍പ്പെടുത്തിയതും ഹാര്‍പ്പറായിരുന്നു.
2014 ബ്രിസ്ബേന്‍ ജി20 ഉച്ചകോടിയില്‍ യുക്രെയ്നില്‍ നിന്ന് പുറത്തുപോകണമെന്ന് പുടിനോട് ഹാര്‍പ്പര്‍ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.