സിറിയയിലെ ഡമാസ്കസിൽ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെ ചാവേർ സ്ഫോടനം. സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സെൻ്റ് ഏലിയാസ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. 13 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് സൂചന.
ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു ചാവേറാക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അംഗമാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരൻ പള്ളിയിൽ കയറി വെടിയുതിർത്ത ശേഷം, പൊട്ടിത്തെറിക്കുകയായിരുന്നെന്ന് മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ചാവേറിനൊപ്പം രണ്ട് അക്രമികളുമുണ്ടായിരുന്നെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര പ്രതികരണ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സിറിയയിൽ ഭരണമാറ്റമുണ്ടായതിന് ശേഷം ആദ്യമായാണ് ക്രിസ്ത്യൻ പള്ളിയിൽ ആക്രമണം നടക്കുന്നത്.