തായ്‌ലന്‍ഡ്-കംബോഡിയ അതിർത്തി തർക്കം: സംഘർഷത്തെ തുടർന്ന് 1,30,000 തായ് പൗരന്മാരെ ഒഴിപ്പിച്ചു

തർക്കം അവസാനിപ്പിക്കാനായി മലേഷ്യയുടെ അധ്യക്ഷതയില്‍ മധ്യസ്ഥത വഹിക്കാൻ പ്രദേശിക രാജ്യങ്ങളുടെ കൂട്ടായ്മ സന്നദ്ധത അറിയിച്ചു
തായ്‌ലന്‍ഡ് അതിർത്തിയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
തായ്‌ലന്‍ഡ് അതിർത്തിയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുSource: X/ @hritesh_singh
Published on

സുരിന്‍: കംബോഡിയയുമായുള്ള അതിർത്തി സംഘർഷം രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ 1,30,000ല്‍ അധികം ആളുകളെ തായ്‌ലൻഡ് ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കാന്‍ ന്യൂയോർക്കിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, തർക്കം അവസാനിപ്പിക്കാനായി മലേഷ്യയുടെ അധ്യക്ഷതയില്‍ മധ്യസ്ഥത വഹിക്കാൻ പ്രദേശിക രാജ്യങ്ങളുടെ കൂട്ടായ്മ സന്നദ്ധതയും അറിയിച്ചു.

അതിർത്തിയിലെ നാല് പ്രവിശ്യകളിലെ ഗ്രാമങ്ങളിൽ നിന്ന് 1,30,000ത്തിലധികം പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായാണ് തായ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചത്. അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 4,000ത്തിലധികം ആളുകൾ പലായനം ചെയ്തതായി കംബോഡിയൻ അധികൃതരും വ്യക്തമാക്കി.

തായ്‌ലന്‍ഡ് അതിർത്തിയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
അതിര്‍ത്തിയില്‍ വെടിയുതിര്‍ത്ത് തായ്‌ലന്‍ഡും കംബോഡിയയും; 11 മരണം, സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ചൈന

ഒരു സൈനികനും കുട്ടികളടക്കം 13 സാധാരണക്കാരും കൊല്ലപ്പെട്ടതായും 15 സൈനികർക്കും 30 സാധാരണക്കാർക്കും പരിക്കേറ്റതായും തായ്‌ലൻഡ് അറിയിച്ചു. വെള്ളിയാഴ്ച തങ്ങളുടെ ഭാഗത്തു നിന്നും ആദ്യ മരണം കംബോഡിയയും സ്ഥിരീകരിച്ചു.

തായ്‌ലന്‍ഡിലെ സുരിന്‍ പ്രവിശ്യയും കംബോഡിയയിലെ ഒദ്ദാര്‍ മീഞ്ചെ പ്രവിശ്യയും പങ്കിടുന്ന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ പ്രസാത് താ മോന്‍ തോം ക്ഷേത്രം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടുന്നത്. തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.

തായ്‌ലന്‍ഡ് അതിർത്തിയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പലസ്തീനെ അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്

ഒദ്ദാര്‍ മീഞ്ചെയിലെ പ്രസാത് താ മോന്‍ തോം, പ്രസാത് താ ക്രാബെ പ്രവിശ്യങ്ങളിലെ കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച തായ് സൈന്യം കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പറഞ്ഞത്. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം എന്ന നിലപാടാണ് കംബോഡിയ എല്ലായ്‌പ്പോഴും നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സായുധ പോരാട്ടത്തിനെതിരെ സായുധമായി തന്നെ പ്രതിരോധിക്കാതെ തരമില്ലാതായിരിക്കുന്നുവെന്നും ഹുന്‍ മാനെറ്റിനെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ രണ്ടുമാസക്കാലം തായ്‌ലൻഡിലേക്കുള്ള പച്ചക്കറികള്‍ അടക്കം കയറ്റുമതി തടഞ്ഞ കംബോഡിയ, ഇന്റര്‍നെറ്റ് സേവനങ്ങളും ഊർജ ഇറക്കുമതിയും നിർത്തിവെച്ചിരുന്നു. ഒപ്പം ഇരുരാജ്യങ്ങളും അതിർത്തിയിലെ സൈനികശേഷിയും വർധിപ്പിച്ചു. സംഘർഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രബന്ധം പൂർണമായി വിച്ഛേദിച്ച തായ്‌ലന്‍ഡ്, അതിർത്തി അടച്ചിട്ടുണ്ട്.

ചെെനയും, യുഎസും, മലേഷ്യയും മുന്നോട്ടുവെച്ച മധ്യസ്ഥ ശ്രമങ്ങള്‍ തായ്‌ലന്‍ഡ് നിരസിച്ചു. അതിർത്തിപ്രശ്നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് തായ്‌ലന്‍ഡിന്‍റെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com