

വാഷിങ്ടണ്‍: തായ്‌ലന്‍ഡ്-കംബോഡിയ സംഘര്‍ഷം അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും സമാധാന ഉടമ്പടി അംഗീകരിച്ചതായും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
വേഗത്തിലും നീതിയുക്തമായും ഇത്തരമൊരു തീരുമാനത്തിലെത്തിയ ഇരു രാജ്യങ്ങളുടേയും നേതാക്കളെ താന്‍ അഭിനന്ദിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടത് ഇതുപോലുള്ള വേഗതയേറിയതും നിര്‍ണ്ണായകവുമായ നീക്കങ്ങളാണ്. സഹായിക്കാന്‍ കഴിഞ്ഞതില്‍ അമേരിക്ക എപ്പോഴും അഭിമാനിക്കുന്നുവെന്നും പറഞ്ഞ ട്രംപ്, തന്റെ പതിവ് അവകാശവാദങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ താന്‍ ഇടപെട്ട് പരിഹരിക്കുകയും അവസാനിപ്പിക്കുകയും ചെയ്തത് എട്ടോളം യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ്. അങ്ങനെ നോക്കുമ്പോള്‍ അമേരിക്ക യഥാര്‍ത്ഥത്തില്‍ 'യുണൈറ്റഡ് നേഷന്‍സ്' (ഐക്യരാഷ്ട്രസഭ) ആയി മാറിയിരിക്കുകയാണെന്നു കൂടി ട്രംപ് പറഞ്ഞു.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ദുരന്തത്തില്‍ ഉള്‍പ്പെടെ ഒന്നിനും യുഎന്‍ ഒരു സഹായവും നല്‍കിയിട്ടില്ല. ലോകസമാധാനത്തിന് വേണ്ടി ഐക്യരാഷ്ട്രസഭ കൂടുതല്‍ സജീവമായി ഇടപെട്ടു തുടങ്ങണം എന്നു കൂടി പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
ആഴ്ചകളായി തുടരുന്ന കംബോഡിയ-തായ്‌ലന്‍ഡ് സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്. ഡിസംബര്‍ 27 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തായ് പ്രതിരോധ മന്ത്രി നത്തഫോണ്‍ നാര്‍ക്ക്ഫാനിറ്റും കംബോഡിയന്‍ പ്രതിരോധ മന്ത്രി ടീ സെയ്ഹയും കരാറില്‍ ഒപ്പിട്ടത്. തായ്‌ലന്‍ഡിലെ ചന്താബുരി പ്രവിശ്യയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്.
ഡിസംബര്‍ എട്ടിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. ഏകദേശം പത്ത് ലക്ഷത്തോളം പേര്‍ക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, തായ്‌ലന്‍ഡില്‍ തടവില്‍ കഴിയുന്ന 18 കംബോഡിയന്‍ സൈനികരെ 72 മണിക്കൂറിനുള്ളില്‍ വിട്ടയക്കും. അതിര്‍ത്തിയില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്ന സാധാരണക്കാര്‍ക്ക് സുരക്ഷിതമായി തിരിച്ചുവരാനും അനുമതി നല്‍കും. നിലവിലുള്ള സ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മുന്നേറ്റം നടത്താന്‍ പാടില്ല.
തായ്‌ലന്‍ഡ്-കംബോഡിയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന, മലേഷ്യ എന്നീ രാജ്യങ്ങളും ആസിയാന്‍ കൂട്ടായ്മയും സജീവമായി ഇടപെട്ടിരുന്നു.