
തായ്‌ലന്‍ഡ് കംബോഡിയ അതിർത്തി തർക്കത്തിൽ മരണസംഖ്യ ഉയരുന്നു. സംഘര്‍ഷങ്ങളില്‍ ഇരുഭാഗങ്ങളിലുമായി ഇതുവരെ 32 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 12 പേര്‍ കൊല്ലപ്പെട്ടെന്നാണ് കംബോഡിയ ഔദ്യോഗികമായി അറിയിക്കുന്നത്. ഏഴ് സാധാരണക്കാരും അഞ്ച് സൈനികരും കൊല്ലപ്പെട്ടതായാണ് കംബോഡിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മാലി സോഷെറ്റ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. 50 ലേറെ കംബോഡിയന്‍ പൗരര്‍ക്കും 20ലേറെ പട്ടാളക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മാലി പറഞ്ഞു.
തായ്‌ലന്‍ഡില്‍ കുട്ടികളടക്കം 13 പേരും ആറ് സൈനികരുമാണ് രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത്. ഇതുകൂടാതെ കംബോഡിയയുടെ ആക്രമണത്തില്‍ 29 തായ് സൈനികർക്കും 30 പൗരര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്.
ഇരുരാജ്യങ്ങളിലുമായി നിരവധി പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കംബോഡിയന്‍ മാധ്യമമായ ദ ഖമെര്‍ ടൈംസ് പറയുന്നതനുസരിച്ച് കംബോഡിയ തായ്‌ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 20,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
138,000 ആളുകളെ തായ്‌ലന്‍ഡിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. 300 താൽക്കാലിക അഭയ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും തായ്‌ലന്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇരുരാജ്യങ്ങളോടും യുഎന്‍ ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും.
തായ്‌ലന്‍ഡിലെ സുരിന്‍ പ്രവിശ്യയും കംബോഡിയയിലെ ഒദ്ദാര്‍ മീഞ്ചെ പ്രവിശ്യയും പങ്കിടുന്ന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ പ്രസാത് താ മോന്‍ തോം ക്ഷേത്രം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടുന്നത്. തായ്ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.
ഒദ്ദാര്‍ മീഞ്ചെയിലെ പ്രസാത് താ മോന്‍ തോം, പ്രസാത് താ ക്രാബെ പ്രവിശ്യങ്ങളിലെ കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച തായ് സൈന്യം കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പറഞ്ഞത്. പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം എന്ന നിലപാടാണ് കംബോഡിയ എല്ലായ്പ്പോഴും നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സായുധ പോരാട്ടത്തിനെതിരെ സായുധമായി തന്നെ പ്രതിരോധിക്കാതെ തരമില്ലാതായിരിക്കുന്നുവെന്നും ഹുന്‍ മാനെറ്റിനെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ രണ്ടുമാസക്കാലം തായ്ലന്‍ഡിലേക്കുള്ള പച്ചക്കറികള്‍ അടക്കം കയറ്റുമതി തടഞ്ഞ കംബോഡിയ, ഇന്റര്‍നെറ്റ് സേവനങ്ങളും ഊര്‍ജ ഇറക്കുമതിയും നിര്‍ത്തിവെച്ചിരുന്നു. ഒപ്പം ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ സൈനികശേഷിയും വര്‍ധിപ്പിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രബന്ധം പൂര്‍ണമായി വിച്ഛേദിച്ച തായ്ലന്‍ഡ്, അതിര്‍ത്തി അടച്ചിട്ടുണ്ട്.
ചൈനയും, യുഎസും, മലേഷ്യയും മുന്നോട്ടുവെച്ച മധ്യസ്ഥ ശ്രമങ്ങള്‍ തായ്ലന്‍ഡ് നിരസിച്ചു. അതിര്‍ത്തിപ്രശ്‌നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് തായ്‌ലന്‍ഡിന്റെ നിലപാട്.