
ടൈം മാഗസിൻ കവറില്‍ വന്ന സ്വന്തം ചിത്രത്തില്‍ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാഗസിനില്‍ വന്ന ലേഖനത്തെ കുറിച്ച് താരതമ്യേന നല്ല അഭിപ്രായമാണെങ്കിലും കവറില്‍ വെച്ച ഫോട്ടോയില്‍ അമേരിക്കന്‍ പ്രസിഡന്റ് തൃപ്തനല്ല.
തന്റെ ഏറ്റവും മോശം ഫോട്ടോ ആണ് ഇതെന്നും ട്രംപ് പറഞ്ഞു. 'അവര്‍ എന്റെ മുടിയെല്ലാം കളഞ്ഞു. എന്നിട്ട് തലയ്ക്ക് മുകളില്‍ പൊങ്ങിക്കിടക്കുന്ന കിരീടം പോലെ ചെറിയ എന്തോ ഒന്ന് വെച്ചിരിക്കുന്നു. ശരിക്കും മോശം.' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
താഴെ നിന്നുള്ള ആങ്കിളില്‍ നിന്നുള്ള അല്ലെങ്കിലും എനിക്ക് ഇഷ്ടമല്ല. പക്ഷെ, ഇത് ഉള്ളതിലെല്ലാം വെച്ച് ഏറ്റവും മോശം ചിത്രമായിപ്പോയി. ഇതിനെ എതിര്‍ക്കണം. അവര്‍ എന്താണ് ചെയ്യുന്നത്, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് തന്റെ അമര്‍ഷം രേഖപ്പെടുത്തി.
ടൈം മാഗസിന്റെ പുതിയ ലക്കത്തില്‍ വന്ന കവര്‍ ഫോട്ടോയാണിത്. ഇസ്രയേല്‍-ഹമാസ് സമാധാന കരാറില്‍ ട്രംപിന്റെ ഇടപെടലിനെ പുകഴ്ത്തിക്കൊണ്ടായിരുന്നു ടൈം മാഗസിന്റെ ലേഖനം. 'ട്രംപിന്റെ വിജയയാത്ര' എന്ന പേരിലുള്ള ലേഖനത്തില്‍ രണ്ടാം ടേമില്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടമാണിതെന്നും മധ്യേഷ്യയില്‍ ഇത് തന്ത്രപ്രധാനമായ വഴിത്തിരിവാകുമെന്നാണ് പറയുന്നത്.
ഇതാദ്യമായല്ല ടൈം മാഗസിനെതിരെ ട്രംപ് വിമര്‍ശനമുന്നയിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അന്ന് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായിരുന്ന ഇലോണ്‍ മസ്‌ക് ഓവല്‍ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌കില്‍ ഇരിക്കുന്ന ടൈം മാഗസിന്‍ ഫോട്ടോയും ട്രംപിന് അത്ര പിടിച്ചിരുന്നില്ല. ടൈം മാഗസിന്‍ ഇപ്പോഴും നിലവിലുണ്ടോ? എനിക്കത് പോലും അറിയില്ലെന്നായിരുന്നു അന്ന് പരിഹസിച്ചത്.