വാർത്താ ലോകത്ത് ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ടയാളാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രി മോദിയുമായുള്ള മെലോണിയുടെ സൗഹൃദം സാമൂഹിക മാധ്യമങ്ങളിൽ മെലോഡിയെന്ന പേരിൽ വൈറലാവുകയും ചെയ്തിരുന്നു. മെലോണിയും തുർക്കി പ്രസിഡൻ്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിലുണ്ടായ ഒരു രസകരമായ സംഭാഷണമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഈജിപ്തിൽ നടന്ന സമാധാന ഉച്ചകോടിക്കിടെ ആയിരുന്നു സംഭവം.
ഉച്ചകോടിക്കിടെ മെലോണിയെ കണ്ട എർദോഗൻ അവരോട് പുകവലി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. "മെലോണി നിങ്ങൾ വിമാനമിറങ്ങി വരുന്നത് ഞാൻ കണ്ടു. കാണാൻ അതിസുന്ദരിയാണ്. പക്ഷെ പുകവലി നിർത്തണം." ഇരുവർക്കും അടുത്തുണ്ടായിരുന്ന ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ ചിരിച്ചു കൊണ്ട് "അത് നടക്കില്ല "എന്ന് പറയുന്നതും വീഡിയോയിൽ കാണാം.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും ചിരിച്ചുകൊണ്ട് മെലോണിയും അതിന് മറുപടി പറഞ്ഞു. "എനിക്കറിയാം, എനിക്കറിയാം. പക്ഷേ, പുകവലി നിർത്തിയാൽ ഒരുപക്ഷേ ഞാൻ അധികം ഫ്രണ്ട്ലി അല്ലാത്ത ഒരാളായി മാറിപോകും. എനിക്ക് ആരെയും കൊല്ലാനുള്ള താൽപര്യമില്ല " എന്നായിരുന്നു മെലോണിയുടെ തമാശരൂപത്തിലുള്ള മറുപടി. മെലോണി തൻ്റെ തന്നെ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി എഴുതിയ പുസ്തകത്തിൽ, ടൂണീഷ്യൻ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രത്തലവൻമാരുമായുള്ള മികച്ചബന്ധത്തിന് പുകവലി ശീലം സഹയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്.
അതേ സമയം എർദോഗനാകട്ടെ തുർക്കിയെ പുകയില വിമുക്തമാക്കുമെന്ന പ്രതിജ്ഞയെടുത്തു കൊണ്ട് ക്യാമ്പയിൻ നടത്തുന്ന പ്രസിഡന്റുമാണ്. 2024-2028 -ലേക്ക് പുകയില ബോധവൽക്കരണമുൾപ്പെടെ വലിയ പരിപാടികളാണ് തുർക്കിയിലെ അങ്കാറയിൽ ഒരുങ്ങുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് എർദോഗനെ അനുകൂലിച്ചും പ്രതികൂലിച്ചും, അതോടൊപ്പം ട്രോളിയും പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.