
അതിര്‍ത്തിയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കംബോഡിയയും തായ്‌ലന്‍ഡും. മലേഷ്യയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ്, ഇരുപക്ഷവും നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. അതിര്‍ത്തിയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷത്തിനാണ് അഞ്ച് ദിവസത്തെ സൈനിക ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ പരിഹാരമായിരിക്കുന്നത്.
ആസിയാന്‍ (ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സംഘടന) അധ്യക്ഷ രാജ്യമെന്ന നിലയിലാണ് മലേഷ്യ സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത്. തായ് ഇടക്കാല പ്രധാനമന്ത്രി ഫുംതാം വെച്ചായച്ചിയും, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത്. സൈനിക ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാനും, നയതന്ത്രബന്ധം പുനരാരംഭിക്കാനും ഇരുപക്ഷവും ധാരണയായി. 'സംഘര്‍ഷം ലഘൂകരിക്കുന്നതിനും, മേഖലയില്‍ സമാധാനവും സുരക്ഷിതത്വും പുനസ്ഥാപിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പ്' എന്നാണ് അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.
പതിറ്റാണ്ടുകളായി തുടരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ജൂലൈ 24നാണ് ഇരു രാജ്യങ്ങളും സൈനിക ആക്രമണം കടുപ്പിച്ചത്. ആക്രമണങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ ചിതറപ്പെട്ടു. അതിര്‍ത്തി പങ്കിടുന്ന പ്രദേശവുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നായിരുന്നു കംബോഡിയയുടെ പ്രതികരണം.
സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ, മധ്യസ്ഥ ശ്രമത്തിന് അനുകൂല നിലപാട് അറിയിച്ച് മലേഷ്യ രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും അല്ലെങ്കില്‍ അത് വ്യാപാരക്കരാറുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. പിന്നാലെയാണ്, ഇരുപക്ഷവും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായത്.