
ചൈനയില്‍ ജനാധിപത്യ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് യുവാക്കളെയും വിദ്യാര്‍ഥികളെയും ഭരണകൂടം കൂട്ടക്കൊല ചെയ്തിട്ട് 36 വര്‍ഷം പിന്നിട്ടിരിക്കുന്നു. 1989 ജൂണ്‍ മൂന്ന്, നാല് തീയതികളിലായി ബീജിങ്ങിലെ ടിയാനന്‍മെന്‍ സ്ക്വയറില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം തോക്കും ടാങ്കറുകളും കൊണ്ട് നേരിട്ടത്. ചൈനയിലാകെ പടര്‍ന്നുപിടിച്ച പ്രതിഷേധത്തിന്റെ കനം കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അത്രത്തോളം അലോസരപ്പെടുത്തിയിരുന്നു. അന്ന് തെരുവ് കീഴടക്കിയ സൈനിക ടാങ്കുകളെ നിരായുധനായി നേരിട്ടൊരു മനുഷ്യനുണ്ട്. മരണമാണ് മുന്നിലെന്ന് അറിഞ്ഞിട്ടും, ഒറ്റയ്ക്ക് പ്രതിഷേധിച്ച ഒരു യുവാവ്. മാധ്യമങ്ങളില്‍ ആ ചിത്രം അച്ചടിച്ചുവന്നതോടെ, ലോകം അദ്ദേഹത്തെ 'ടാങ്ക് മാന്‍' എന്ന് വിളിച്ചു. ആ യുവാവിനെക്കുറിച്ച് പിന്നീട് പല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, അയാള്‍ ആരായിരുന്നെന്നോ, എവിടെയാണെന്നോ, ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനല്ലാതെ മറ്റാര്‍ക്കും ഉറപ്പ് പറയാനാവില്ല. ടിയാനന്‍മെന്‍ കൂട്ടക്കൊലയെ ചരിത്രത്തില്‍നിന്നും അകറ്റിനിര്‍ത്താനുള്ള കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങളെയെല്ലാം വെല്ലുവിളിക്കുന്ന 'ടാങ്ക് മാന്‍' ചരിത്ര സംഭവത്തിന്റെ പ്രതീകമാണ്.
ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം
മാവോ സെ തുങ്ങിനു ശേഷം നടന്ന പരിഷ്‌കാരങ്ങളെ എതിർത്തുകൊണ്ടാണ് 1980കളുടെ അവസാനത്തോടെ ചൈനയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. രാജ്യത്ത് ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ, സാമ്പത്തിക പരിഷ്കാരങ്ങള്‍ വേണമെന്ന വികാരം വിദ്യാര്‍ഥി സമൂഹങ്ങളിലും യുവാക്കളിലും നിറഞ്ഞുനിന്നതിന്റെ പ്രതിഫലനമായിരുന്നു പ്രതിഷേധങ്ങള്‍. മാവോയുടെ സാമ്പത്തിക നയങ്ങളെ അട്ടിമറിച്ച്, ഡെങ് സിയാവോ പിങ് കൊണ്ടുവന്ന നയങ്ങള്‍ മുതലാളിത്ത അനുകൂലവും ഏകാധിപത്യ പ്രവണതകള്‍ നിറഞ്ഞതുമാണെന്ന ആരോപണം ശക്തമായിരുന്നു.
1980കളില്‍ ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിക്ക് ചൈന സാക്ഷ്യം വഹിച്ചിരുന്നു. പലരും വിദേശ ആശയങ്ങളോടും ജീവിത നിലവാരത്തോടുമൊക്കെ അടുത്തബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അഭ്യവൃദ്ധി, പൗരന്മാരുടെ സാമ്പത്തികസ്ഥിതിയിലും പ്രകടമായെങ്കിലും, വിലക്കയറ്റവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയുമൊക്കെ വര്‍ധിച്ചു. 80കളുടെ മധ്യത്തോടെ, ശാസ്ത്രജ്ഞരും ബുദ്ധിജീവികളുമൊക്കെ രാഷ്ട്രീയ പദവികളില്‍ നിയമിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന്, 1986ന്റെ അവസാനവും 1987ന്റെ തുടക്കത്തിലും വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും ഉന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിവെച്ചു. എന്നാല്‍ 'ബൂര്‍ഷ്വാ ലിബറലിസം' എന്ന് വിളിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും (സിസിപി) സര്‍ക്കാരിലെയും കടുത്ത നിലപാടുകാര്‍ അതിനെയെല്ലാം അടിച്ചമര്‍ത്തി.
പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലും അത് പ്രതിഫലിച്ചു. ജനാധിപത്യ പരിഷ്കാരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ജനറല്‍ സെക്രട്ടറി ഹു യാവോബാങ്ങിന് പുറത്തുപോകേണ്ടിവന്നു. 1980 മുതല്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന ഹു യാവോബാങ് 1987 ജനുവരിയില്‍ പദവിയൊഴിയാന്‍ നിര്‍ബന്ധിതനായി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, 1989 ഏപ്രില്‍ 15ന് ഹു യാവോബാങ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. അഴിമതി, പണപ്പെരുപ്പം, രാഷ്ട്രീയ-സാമ്പത്തിക പരിഷ്കാരങ്ങളിലെ മന്ദത എന്നിവയ്‌ക്കെതിരെ വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും രോഷം പടര്‍ന്നേറിയ കാലമായിരുന്നു അത്. ജനാധിപത്യ പരിഷ്കാരങ്ങളില്‍ ഹുവിനെ വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന യുവസമൂഹം അദ്ദേഹത്തിന് ആദരം അര്‍പ്പിക്കാന്‍ ഒത്തുകൂടി.
ഏപ്രില്‍ 22ന് ഹുവിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി ടിയാനന്‍മെന്‍ സ്ക്വയറിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ 50,000ഓളം ആളുകള്‍ കൂടിച്ചേര്‍ന്നു. പെകിങ് സര്‍വകലാശാല, സിങ്ഹുവാ സര്‍വകലാശാല, ചൈന യൂണിവേഴ്‌സിറ്റി ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ലോ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു സംഗമം. ജനാധിപത്യപരമായ ഭരണം വേണമെന്നും, ഭരണകാര്യങ്ങളില്‍ സുതാര്യത വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ, സാമ്പത്തിക പരിഷ്കാരങ്ങള്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളും, യുവാക്കളും ഉള്‍പ്പെടെ പ്രതിഷേധങ്ങളില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവന്നു. പ്രതിഷേധങ്ങളെ അവഗണിച്ച സര്‍ക്കാര്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാനും തയ്യാറായില്ല. പ്രതിഷേധം പതുക്കെ ശക്തിയാര്‍ജിച്ചു.
പ്രതിഷേധക്കാരെ നേരിടാന്‍ പട്ടാളനിയമം
ടിയാനന്‍മെന്‍ സ്ക്വയര്‍ കൂടാതെ, ഷാങ്ഹായ്, നാന്‍ജിങ്, സിയാന്‍, ചാങ്ഷ, ഷെങ്ഡു എന്നിങ്ങനെ നഗരങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. മെയ് പകുതിയോടെ സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവ് ചൈന സന്ദര്‍ശിക്കുമെന്നതിനാല്‍, നിരവധി പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍ ചൈനയിലെത്തിയ സമയമായിരുന്നു അത്. എല്ലാവരും രാജ്യതലസ്ഥാനത്തെ പ്രതിഷേധം കവര്‍ ചെയ്തു. ടിയാനന്‍മെന്‍ സ്ക്വയറിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തിയ പ്രതിഷേധവും, തുടര്‍ പ്രതിഷേധങ്ങളുമൊക്കെ രാജ്യാന്തര മാധ്യമങ്ങളില്‍ ഇടംപിടിച്ചു.
പ്രതിഷേധത്തെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് സിസിപിയും സര്‍ക്കാരും ഗൗരവമേറിയ ചര്‍ച്ചകള്‍ നടത്തി. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി, ചില വാഗ്ദാനങ്ങള്‍ നല്‍കണമെന്നായിരുന്നു ഹു യാവോബാങ്ങിന്റെ പിന്‍ഗാമിയായെത്തിയ ജനറല്‍ സെക്രട്ടറി ഷാവോ സിയാങ്ങിന്റെ അഭിപ്രായം. എന്നാല്‍ പ്രധാനമന്ത്രി ലീ പെങ്ങിന്റെയും സംഘത്തിന്റെയും നിലപാട് മറ്റൊന്നായിരുന്നു. പ്രതിഷേധങ്ങളെ ബലമായി അടിച്ചമര്‍ത്തണം എന്നായിരുന്നു അവരുടെ പക്ഷം. മെയ് രണ്ടാം വാരം തലസ്ഥാന നഗരിയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു, സൈന്യത്തെ വിന്യസിച്ചു. പ്രക്ഷോഭകരെയും, വഴി യാത്രക്കാരെയുമൊക്കെ സൈന്യം അടിച്ചമര്‍ത്തി, കൊന്നൊടുക്കി. ആയിരങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ചിലരെ വിചാരണ കൂടാതെ വധിച്ചു. ജനാധിപത്യവാദികളോട് അനുഭാവം പുലര്‍ത്തിയിരുന്ന ഷാവോ സിയാങ് പദവിയില്‍നിന്ന് തെറിച്ചു, പിന്നാലെ തടങ്കലിലുമായി.
ഖേദം പ്രകടിപ്പിക്കാതെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍
കമ്യൂണിസ്റ്റ് സര്‍ക്കാരിനെ തൂത്തെറിയാനുള്ള ശ്രമം എന്നായിരുന്നു ജനാധിപത്യവാദികളുടെ പ്രതിഷേധത്തെ ഭരണകൂടം വിശേഷിപ്പിച്ചത്. ക്രമസമാധാനം പുനസ്ഥാപിക്കാനായിരുന്നു സായുധ നടപടി. സൈനികര്‍ ഉള്‍പ്പെടെ 241 പേര്‍ കൊല്ലപ്പെട്ടു. ഏഴായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പതിനായിരങ്ങള്‍ അറസ്റ്റിലായെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, ഭരണകൂട വെറിയില്‍ പതിനായിരങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂന്നര പതിറ്റാണ്ടിനിടെ എപ്പോഴെങ്കിലും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചിട്ടില്ല. കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിക്കുകയോ, തെറ്റ് പറ്റിയെന്ന് പറയുകയോ ചെയ്തിട്ടില്ല. ടിയാനന്‍മെന്‍ പ്രതിഷേധവും കൂട്ടക്കൊലയും ചരിത്രത്തില്‍നിന്ന് അപ്പാടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എക്കാലത്തും സ്വീകരിച്ചുവരുന്നത്. അതിന്റെ ഏതെങ്കിലും തരത്തിലുള്ള ശേഷിപ്പുകളോ, സ്മാരകങ്ങളോ തുടങ്ങി ഓര്‍മ പുതുക്കലിനോ അനുസ്മരണ ചടങ്ങുകള്‍ക്കോ പോലും ചൈനയില്‍ അനുവാദമില്ല. നിയന്ത്രണങ്ങള്‍ മറികടന്ന് അതിന് ശ്രമം നടത്തിയവരൊക്കെ അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു.
പ്രതിഷേധത്തിന്റെ പ്രതീകമായ 'ടാങ്ക് മാന്‍'
ജനാധിപത്യവാദികളുടെ പ്രതിഷേധത്തിന്റെ പ്രതീകമായി പതിയപ്പെട്ട 'ടാങ്ക് മാന്‍' ചിത്രമാണ് ചരിത്രത്തിന്റെ എക്കാലത്തെയും വലിയ ഓര്‍മപ്പെടുത്തല്‍. 1989 ജൂൺ അഞ്ച് ഉച്ചകഴിഞ്ഞ സമയം, വെള്ള ഷര്‍ട്ടിട്ട യുവാവ് ഷോപ്പിങ് ബാഗുകള്‍ കൈയില്‍ പിടിച്ചുകൊണ്ട് തെരുവിലൂടെ നടന്നുവരുന്നു. പ്രതിഷേധക്കാര്‍ക്കുമേല്‍ ഇരച്ചുകയറാന്‍ ഭരണകൂടം അയച്ച സൈനിക ടാങ്കുകള്‍ വരിവരിയായി വന്നുകൊണ്ടിരിക്കുകയായിരുന്നു. യുവാവ് പൊടുന്നനെ ആദ്യത്തെ ടാങ്കിനു മുന്നിലേക്ക് കയറി നിന്നു. യുവാവിനെ വെട്ടിച്ച് പോകാനായി ടാങ്കുകളുടെ ശ്രമം. പക്ഷേ, ആ ശ്രമം വിഫലമാക്കിക്കൊണ്ട് യുവാവ് വീണ്ടും ടാങ്കിന് മുന്നിലേക്ക് കയറിനിന്നു. ഇതോടെ, ഏറ്റവും മുന്നിലെ ടാങ്കിലുണ്ടായിരുന്നയാള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് പുറത്തിറങ്ങി വന്ന് എന്തൊക്കെയോ പറഞ്ഞു. അതൊന്നും കൂസാക്കാതെ യുവാവ് അവിടെ തുടര്‍ന്നു. തന്റെ സൈക്കിളുമായി ഒപ്പമുണ്ടായിരുന്നയാളോടും യുവാവ് സംസാരിച്ചു. ടാങ്കുകള്‍ എഞ്ചിന്‍ ഓണ്‍ ചെയ്യാനൊരുങ്ങുന്നതിനിടെ, നീല കുപ്പായമണിഞ്ഞ രണ്ടുപേര്‍ ഓടിവന്ന് യുവാവിനെ തള്ളി മാറ്റി. പിന്നാലെ, ടാങ്കുകള്‍ കടന്നുപോയി.
ടിയാനന്‍മെന്‍ സ്ക്വയറിലൂടെ ടാങ്കുകള്‍ കടന്നുപോകുന്നത് പകര്‍ത്താന്‍ സമീപ കെട്ടിടങ്ങളുടെ മുകളില്‍ നിലയുറപ്പിച്ചിരുന്ന ഫോട്ടോജേണലിസ്റ്റുകളാണ് ചരിത്രമുഹൂര്‍ത്തം പകര്‍ത്തിയത്. ടൈം മാഗസിനിലെ സ്റ്റുവര്‍ട്ട് ഫ്രാങ്ക്ലിന്‍, ന്യൂസ് വീക്കിലെ ചാര്‍ലി കോള്‍, ദി ഗ്ലോബ് ആന്‍ഡ് മെയിലിലെ ജാന്‍ വോങ്, അസോസിയേറ്റഡ് പ്രസിന്റെ ജെഫ് വൈഡ്‍നെര്‍ എന്നിവര്‍ ഈ ദൃശ്യങ്ങള്‍ ചിത്രം പകര്‍ത്തി. അടുത്തുള്ള കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് സ്റ്റുവര്‍ട്ട് ഫ്രാങ്ക്ലിനും ചാര്‍ലി കോളും ചിത്രം പകര്‍ത്തിയത്.
സ്റ്റുവര്‍ട്ട് ഫ്രാങ്ക്ലിനിന്റെ ചിത്രം ടൈം മാഗസിനിന്റെ കവര്‍ ചിത്രമായി. ചാര്‍ലി കോളിന് ചിത്രത്തിന് 1990ലെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരം ലഭിച്ചു. ആറ് നിലയ്ക്ക് മുകളിലെ ബാല്‍ക്കണിയില്‍ നിന്നുള്ളതായിരുന്നു ജെഫ് വൈഡ്‌നെറുടെ ചിത്രം. ചിത്രവും വാര്‍ത്തയും പുറത്തുവന്നതിനു പിന്നാലെ ടാങ്ക് മാന്‍, അണ്‍ നോണ്‍ പ്രൊട്ടസ്റ്റര്‍, ദി അണ്‍നോണ്‍ റിബല്‍ എന്നൊക്ക പാശ്ചാത്യ മാധ്യമങ്ങള്‍ യുവാവിന് വിശേഷണം നല്‍കി. 1998ല്‍ ടൈം മാഗസിന്‍ 20-ാം നൂറ്റാണ്ടിലെ മോസ്റ്റ് ഇന്‍ഫ്ലുവെന്‍ഷ്യല്‍ പീപ്പിള്‍ പട്ടികയില്‍ നൂറിലൊരാളായി ടാങ്ക് മാനെ തിരഞ്ഞെടുത്തു. 2003ല്‍ ലൈഫ് മാഗസിനിന്റെ ലോകത്തെ മാറ്റിയ 100 ഫോട്ടോകളിലും ടാങ്ക് മാന്‍ ഇടംപിടിച്ചു.
ആരായിരുന്നു ആ 'ടാങ്ക് മാന്‍'
ടാങ്ക് മാനെക്കുറിച്ചോ, അന്ന് ടാങ്കില്‍ ഉണ്ടായിരുന്നവരെക്കുറിച്ചോ ആധികാരികമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായിരുന്നു ഇരുവരും സംസാരിച്ചത്, ആരാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്, എവിടേക്കാണ് പിടിച്ചുകൊണ്ടുപോയത് എന്നിങ്ങനെ വിവരങ്ങളും ലഭ്യമല്ല. അതേസമയം, ആര്‍ക്കിയോളജി വിദ്യാര്‍ഥിയായിരുന്ന വാങ് വൈലന്‍ എന്ന 19കാരനായിരുന്നു ആ യുവാവെന്ന് ബ്രിട്ടീഷ് സണ്‍ഡേ എക്സ്പ്രസ് ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമായിരുന്നില്ല.
യുവാവിനെ സര്‍ക്കാര്‍ വധിച്ചെന്നും നാടുകടത്തിയെന്നും, ശിക്ഷ കഴിഞ്ഞതിനു പിന്നാലെ യുവാവ് നാട് വിട്ടെന്നും, മരിച്ചെന്നും ഉള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സിപിസി ജനറല്‍ സെക്രട്ടറി ആയിരുന്ന ജിയാങ് സെമിന്‍ 1990ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതുസംബന്ധിച്ചൊരു മറുപടി പറയുന്നുണ്ട്. ആ യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവില്ല എന്നായിരുന്നു ആദ്യ മറുപടി. പിന്നാലെ, അയാള്‍ ഒരിക്കലും കൊല്ലപ്പെട്ടിട്ടുണ്ടാകില്ലെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2000ലെ ഒരു അഭിമുഖത്തില്‍, ആ യുവാവ് ഒരിക്കലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. അയാള്‍ എവിടെയാണെന്ന് തനിക്കറിയില്ല എന്നായിരുന്നു ജിയാങ് സെമിന്‍ നല്‍കിയ മറുപടി.
2017ല്‍ ആപ്പിള്‍ ഡെയ്‌ലി, ടാങ്ക് മാന് പുതിയൊരു അവകാശിയെ കണ്ടെത്തി. ബീജിങ്ങിലെ ഷിജിങ്ഷാന്‍ സ്വദേശിയായ ഷാങ് മെയ്‌മിന്‍ ആയിരുന്നു ആ യുവാവ്. 24 വയസുള്ളപ്പോഴായിരുന്നു പ്രതിഷേധം. ഇഷ്ടിക കൊണ്ട് ടാങ്കിനെ ഇടിച്ച ഷാങ്ങിനെ ആജീവനാന്ത തടവ് വിധിച്ച് ജയിലിലാക്കി. പിന്നീടത് 20 വര്‍ഷമായി ചുരുക്കി. 2007ല്‍ പരോളില്‍ പുറത്തിറങ്ങി. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം, ചൂതാട്ടം ശീലമാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കെന്‍ഹുവയില്‍ ജയിലിലായി. അവിടെയും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരിക്കാം എന്നൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബീജിങ്ങിലെ യാന്‍കിങ് ജയിലില്‍ ഷാങ്ങിന്റെ സഹതടവുകാരനായ ആള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ പലതരം റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും, യഥാര്‍ഥ ടാങ്ക് മാന്‍ ആരാണെന്ന കാര്യത്തില്‍ അന്നുമിന്നും വ്യക്തതയില്ല. ഇയാള്‍ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നൊക്കെ ചൈനീസ് ഭരണകൂടത്തിന് അല്ലാതെ മറ്റാര്‍ക്കും അറിയുകയുമില്ല. ചൈനയിലാകട്ടെ ടാങ്ക് മാന്റെ ഫോട്ടോയ്ക്കും, അതുമായി ബന്ധപ്പെട്ട മറ്റ് ചിത്രങ്ങള്‍, വാക്കുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് നിരോധനവുമുണ്ട്. ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ അവയൊന്നും ലഭിക്കുകയുമില്ല. പക്ഷേ, എത്രയൊക്കെ മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്രസത്യങ്ങള്‍ ചില പൊട്ടും പൊടിയുമെങ്കിലും അവശേഷിപ്പിക്കാറുണ്ട്. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ കൂട്ടക്കൊലയുടെ പ്രതീകമായി ടാങ്ക് മാന്‍ അങ്ങനെ തുടരും.