

തായ്‌ലന്‍ഡില്‍ മരിച്ചെന്ന് കരുതി കുടുംബം സംസ്കാരത്തിന് എത്തിച്ച വൃദ്ധയ്ക്ക് പുതുജീവന്‍.സംസ്കരിക്കാനെത്തിച്ച പെട്ടിയിൽ നിന്നും ശബ്ദം കേട്ട ജീവനക്കാർ പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 65കാരിയെ ജീവനോടെ കണ്ടെത്തിയത്.ഇതോടെ ഇവരെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നൊന്തബുരി പ്രവിശ്യയിലെ ബുദ്ധക്ഷേത്രത്തിലെ ജീവനക്കാരാണ് ഫേസ്ബുക്കിലൂടെ സംഭവം പങ്കുവെച്ചത്.
2 വർഷമായി കിടപ്പിലായിരുന്ന വൃദ്ധ മരിച്ചെന്ന് കരുതിയാണ് കുടുംബം ശവമടക്കിന് എത്തിച്ചത്.ആരോഗ്യനില മോശമായതിനെ തുടർന്ന് പ്രതികരിക്കാതിരിക്കുകയും രണ്ട് ദിവസം മുമ്പ് ശ്വാസം നിലച്ചതായി തോന്നുകയും ചെയ്തതിനെ തുടർന്നാണ് ഇവരെ സംസ്കരിക്കാനെത്തിച്ചത്. അവയവങ്ങൾ ദാനം ചെയ്യാൻ ഇവർ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ബാങ്കോക്കിലെ ആശുപത്രിയില്‍ അവയവദാനത്തിന് ശ്രമിച്ചെങ്കിലും മരണ സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയയ്ക്കുകയായിരുന്നു.
ഇതിനെ തുടർന്ന് സൗജന്യമായി ശവസംസ്കാരം നടത്താറുള്ള ക്ഷേത്രത്തിൽ എത്തിച്ചെങ്കിലും ആവശ്യമായ രേഖ ഇല്ലാത്തതിനാൽ അധികൃതർ ആവശ്യം നിരസിച്ചു. ഇതിനിടെയാണ് പെട്ടിയിൽ അനക്കം കേട്ടത്. തുടർന്ന് ഇവർ തന്നെ സ്ത്രീയെ പരിശോധിച്ച ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.