'ഗാസ ബോർഡ് ഓഫ് പീസ്'; മാർകോ റൂബിയോയെയും ടോണി ബ്ലെയറിനെയും സ്ഥാപക അംഗങ്ങളായി നാമനിർദേശം ചെയ്ത് യുഎസ്

ഇരുപതിന സമാധാന പദ്ധതി തയ്യാറാക്കിയ ട്രംപ് ആണ് ബോർഡിന്‍റെ ചെയർമാൻ
 മാർകോ റൂബിയോയും ടോണി ബ്ലെയറും  ഗാസ പീസ് ബോർഡിൽ
Source: Social Media
Published on
Updated on

വാഷിങ്ടൺ: ഗാസ സമാധാന ബോർഡിലേയ്ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയെയും യുകെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും സ്ഥാപക അംഗങ്ങളായി നാമനിർദേശം ചെയ്ത് യുഎസ് സർക്കാർ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റ പ്രത്യേക പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകനും വ്യവസായിയുമായ ജേറെഡ് കുഷ്നറും ബോർഡ് ഓഫ് പീസിന്‍റെ സ്ഥാപക എക്സിക്യൂട്ടീവിലുണ്ടാകും. 20 ഇന സമാധാന പദ്ധതി തയ്യാറാക്കിയ ട്രംപ് ആണ് ബോർഡിന്‍റെ ചെയർമാൻ. ഗാസയുടെ പുനർനിർമാണവും ഭരണവും ഈ ബോർഡിന്‍റെ താൽക്കാലിക മേൽനോട്ടത്തിലായിരിക്കും.

 മാർകോ റൂബിയോയും ടോണി ബ്ലെയറും  ഗാസ പീസ് ബോർഡിൽ
ട്രംപ് അവതരിപ്പിച്ച 'ഗാസ പീസ് ബോർഡിൽ' പത്മശ്രീ ജേതാവായ ഒരു ഇന്ത്യൻ വംശജനും

ഒരു സ്വകാര്യ നിക്ഷേപക സ്ഥാപന മേധാവിയായ മാർക് റോവാൻ, ഇന്ത്യൻ വംശജൻ കൂടിയായ ലോകബാങ്ക് മേധാവി അജയ് ബംഗ, യുഎസ് ദേശീയ സുരക്ഷാ ഉപദേശകരിലൊരാളായ റോബർട്ട് ഗബ്രിയേൽ എന്നിവരും സ്ഥാപകാംഗങ്ങളായി എക്സിക്യൂട്ടീവ് ബോഡിലുണ്ട്. ഗാസയുടെ സ്ഥിരത, ദീർഘകാല വിജയം എന്നതാണ് ഇവരുടെ ചുമതലയെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറയുന്നു. ലോകത്ത് രൂപീകരിക്കപ്പെട്ടതിൽ ഏറ്റവും മഹത്തായതും അഭിമാനകരവുമായ ബോർഡ് എന്നാണ് സമിതിയെ ട്രംപ് വ്യാഴാഴ്ച വിശേഷിപ്പിച്ചത്. തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ഉൾപ്പെടെയുള്ള പ്രമുഖരെ ട്രംപ് ഗാസ ഗാസ സമാധാന ബോർഡിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

വരും ദിനങ്ങളിൽ കൂടുതൽ അംഗങ്ങളെ സമിതിയിലേക്ക് നിർദേശിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇറാഖ് യുദ്ധത്തിലെ പങ്ക് ടോണി ബ്ലെയറുടെ സാന്നിധ്യത്തെ ചോദ്യമുനയിലാക്കുമെങ്കിലും വടക്കൻ അയർലൻഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 1998 ലെ ഗുഡ് ഫ്രൈഡേ കരാർ സാധ്യമാക്കിയത് ബ്ലെയറിന് അർഹത നൽകുന്നുവെന്നാണ് വിലയിരുത്തൽ. ഗാസയുടെ താത്കാലിക ഭരണവും മേൽനോട്ടവുമാണ് ബോർഡ് ഓഫ് പീസ് എക്സിക്യൂട്ടീവ് സമിതിയുടെ ചുമതല. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഖത്തരി നയതന്ത്രജ്ഞൻ അലി അൽ തവാദി, ഈജിപ്റ്റ് രഹസ്യാന്വേഷണ വിഭാഗം മേധാവിയും ജെനറലുമായ ഹസ്സൻ റഷാദ്, യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി റീം അൽ ഹാഷിമി തുടങ്ങിയവരും ഗാസ പീസ് ബോർഡ് എക്സിക്യൂട്ടീവിലുണ്ട്.

 മാർകോ റൂബിയോയും ടോണി ബ്ലെയറും  ഗാസ പീസ് ബോർഡിൽ
ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയതിലൂടെ രക്ഷിച്ചത് 10 മില്യൺ ജീവനുകളെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു- വീണ്ടും അവകാശവാദവുമായി ട്രംപ്

ഗാസയുടെ ഭരണത്തിനായി 15 അംഗ പലസ്തീനിയൻ ടെക്നോക്രാറ്റുകളുടെ സമിതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോർഡ് ഓഫ് പീസ് സ്ഥാപകാംഗങ്ങളുടെ നാമനിർദേശം. വെസ്റ്റ് ബാങ്കിലെ പലസ്തീനിയൻ അതോറിറ്റിയിൽ മന്ത്രിയായിരുന്ന അലി ഷാത് ആണ് ഭരണ സമിതിയുടെ നേതാവ്. പലസ്തീനിയൻ പൊലീസ് അടക്കം സുരക്ഷ സൈനികർക്ക് പരിശീലനം നൽകുന്നതുൾപ്പെടെ സുരക്ഷാമേൽനോട്ടത്തിനായി അന്താരാഷ്ട്ര സേനയെയും ഗാസയിൽ ഉടൻ വിന്യസിക്കും. യുഎസ് മേജർ ജെനറൽ ജാസ്പർ ജെഫേഴ്സ് , ആഭ്യന്തര സ്ഥിരതാ സേനയുടെ മേധാവിയാകുമെന്നും വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com