

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിൻ്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിൻ്റെ തലവൻ ജോസഫ് കെൻ്റ് രാജിവച്ചു. ഇറാൻ യുഎസിന് "ആസന്നമായ ഭീഷണി" ഉയർത്തുന്നില്ലെന്നും ഇസ്രായേലിൻ്റെ സമ്മർദമാണ് ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിച്ചതെന്നും കെൻ്റ് രാജിക്കത്തിൽ വ്യക്തമാക്കി.
ട്രംപ് ഭരണകൂടം ഇറാനിൽ നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കാൻ "നല്ല മനസാക്ഷിയോടെ" തനിക്ക് കഴിയില്ലെന്ന് കെൻ്റ് രാജിക്കത്തിൽ പറയുന്നു. ഇറാനിലെ യുദ്ധം മൂലം രാജിവച്ച ആദ്യത്തെ പ്രധാന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥനാണ് അദ്ദേഹം.
"ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എനിക്ക് നല്ല മനസോടെ പിന്തുണയ്ക്കാൻ കഴിയില്ല. ഇറാൻ നമ്മുടെ രാജ്യത്തിന് ആസന്നമായ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഇസ്രായേലിൻ്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടെയും സമ്മർദം മൂലമാണ് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്," കെൻ്റ് രാജിക്കത്തിൽ പറയുന്നു.
മിഡിൽ ഈസ്റ്റിലെ യുദ്ധങ്ങൾ ജീവൻ അപഹരിക്കുകയും രാജ്യത്തിൻ്റെ സമ്പത്ത് ഇല്ലാതാക്കുകയും ചെയ്യുമെന്ന് 2025 ജൂൺ വരെ ട്രംപിന് അറിയാമായിരുന്നുവെന്നും അദ്ദേഹം തൻ്റെ കത്തിൽ അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം പ്രോത്സാഹിപ്പിക്കുന്നതിനായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരും യുഎസ് മാധ്യമങ്ങളിലെ സ്വാധീനമുള്ള അംഗങ്ങളും തെറ്റിദ്ധാരണ പ്രചരിപ്പിച്ച് യുദ്ധാനുകൂല സാഹചര്യം ഉണ്ടാക്കിയെടുത്തതായും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ സംഘർഷവും 2003 ലെ ഇറാഖ് യുദ്ധവും തമ്മിലെ സമാനതകളും കെൻ്റ് കത്തിൽ വിവരിക്കുന്നു. അതിൽ വഞ്ചനയിലൂടെയാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ യുഎസിനെ വിനാശകരമായ ഇറാഖ് യുദ്ധത്തിലേക്ക് നയിച്ചതെന്നും അതേ രീതിയാണ് ഇപ്പോൾ ഇറാനുമായി യുദ്ധത്തിന് പ്രേരിപ്പിക്കാൻ ഉപയോഗിക്കുന്നതെന്നും കെൻ്റ് ആരോപിക്കുന്നു.
യുദ്ധത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ ട്രംപിനോട് ആവശ്യപ്പെട്ടു. ഒന്നുകിൽ അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി ഒരു പുതിയ വഴിയൊരുക്കും, അല്ലെങ്കിൽ രാജ്യത്തെ കൂടുതൽ കുഴപ്പത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ നമ്മൾ എന്താണ് ചെയ്യുന്നതെന്നും ആർക്കുവേണ്ടിയാണ് അത് ചെയ്യുന്നതെന്നും നിങ്ങൾ ചിന്തിക്കണമെന്ന് താൻ പ്രാർഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.
ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിൻ്റെ തലവൻ എന്ന നിലയിൽ, തീവ്രവാദ ഭീഷണികൾ വിശകലനം ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള ഒരു ഏജൻസിയുടെ ചുമതലയാണ് കെൻ്റ് നിർവഹിച്ചിരുന്നത്. കെൻ്റിൻ്റെ സ്ഥിരീകരണം ശക്തമായി എതിർത്തു കൊണ്ട് ഡെമോക്രാറ്റുകളും രംഗത്തെത്തി. തീവ്ര വലതുപക്ഷ വ്യക്തികളുമായുള്ള അദ്ദേഹത്തിൻ്റെ മുൻകാല ബന്ധങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.