മിലാൻ: ശൈത്യകാല ഒളിംപിക്സിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, കോർട്ടീനയിലെ നിർമാണ പ്രവർത്തനങ്ങൾ ഇറ്റലിയിൽ ഇഴഞ്ഞു നീങ്ങുകയാണ്. വിവാദമായ പ്രധാന ഗതാഗത സംവിധാനമായ അപോളോണിയോ-സോക്രപ്പസ് കേബിൾ കാർ പദ്ധതിയിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
മണിക്കൂറിൽ 2,400 പേരെ മത്സരവേദികളിലേക്ക് എത്തിക്കാൻ ശേഷിയുള്ളതാണ് നിർമാണത്തിലിരിക്കുന്ന അപോളോണിയോ-സോക്രപ്പസ് എന്ന കേബിൾ കാർ. എന്നാൽ ജനുവരി അവസാനിച്ചിട്ടും നിർമാണം പൂർത്തിയായിട്ടില്ല. കനത്ത മഞ്ഞുവീഴ്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കാണികളെ വേഗത്തിൽ മലമുകളിലെത്തിക്കാൻ കേബിൾ കാർ സംവിധാനം അത്യന്താപേക്ഷിതമാണ്.
നിർമാണം അതിവേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സംഘാടകർ കൂടുതൽ സൗകര്യമൊരുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. മലനിരകളിൽ കാലാവസ്ഥാ മാറ്റങ്ങൾ പ്രവചനാതീതമാണ്. എങ്കിലും സുരക്ഷയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് തുടങ്ങിയ വിശദീകരണങ്ങളാണ് അധികൃതർ നൽകുന്നത്.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ ഇനിയുള്ള ദിവസങ്ങൾ മതിയാകുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്. നിർമാണം പൂർത്തിയായില്ലെങ്കിലും മത്സരങ്ങളെ അത് ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. എന്നാൽ ഒളിംപിക്സിനായി കോടിക്കണക്കിന് രൂപ ചെലവാക്കി നിർമിക്കുന്ന ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ പാതിവഴിയിലാകുന്നത് സംഘാടകർക്ക് വലിയ നാണക്കേടുണ്ടാക്കുന്നുണ്ട്.
റോഡ് ഗതാഗതം മാത്രമുള്ള കോർട്ടീനയിൽ, കേബിൾ കാർ വന്നില്ലെങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നുറപ്പാണ്. പ്രതിസന്ധികൾക്കിടയിലും രാജ്യത്തുടനീളം ആവേശമുയർത്തി ഒളിംപിക് ദീപശിഖാ പ്രയാണം തുടരുകയാണ്. ഫെബ്രുവരി 6-ന് സാൻ സിറോ സ്റ്റേഡിയത്തിൽ ഒളിംപിക് തിരി തെളിയുന്നതോടെ ലോകം ഇറ്റലിയുടെ മഞ്ഞുപുതച്ച മൈതാനങ്ങളിലേക്ക് ഉറ്റുനോക്കും.