ട്രംപിന് സാധാരണ അസുഖം മാത്രം; വിവരങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്

70 വയസ് കഴിഞ്ഞവര്‍ക്ക് സാധാരണ ഉണ്ടാകുന്ന അസുഖമാണ് ട്രംപിനെ ബാധിച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ്
US President Donald Trump
ഡൊണാള്‍ഡ് ട്രംപ്
Published on

വാഷിങ്ടണ്‍ ഡി.സി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസുഖവിവരം വെളിപ്പെടുത്തി വൈറ്റ് ഹൗസ്. ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന ശേഷിക്കുറവിനെ തുടര്‍ന്ന് കാലുകള്‍ക്ക് വീക്കം സംഭവിക്കുന്ന അവസ്ഥയാണ് ട്രംപിന്. ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്നാണ് അസുഖത്തിന്റെ പേര്. 70 വയസ് കഴിഞ്ഞവര്‍ക്ക് സാധാരണ ഉണ്ടാകുന്ന അസുഖമാണെന്നും ട്രംപിന്റെ ഡോക്ടറെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് മാധ്യമങ്ങളെ അറിയിച്ചു.

കാലുകളിലേക്ക് എത്തുന്ന രക്തം തിരികെ ഹൃദയത്തിലേക്ക് പമ്പ് ചെയ്യാനുള്ള ശേഷി ഞരമ്പുകള്‍ക്ക് കുറയുന്ന രോഗാവസ്ഥയാണ് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി. ഇങ്ങനെ രക്തം തിരികെ പമ്പ് ചെയ്യാനാവാതെ വരുമ്പോള്‍, കാലുകളില്‍ വീക്കമുണ്ടാകും. 79കാരനായ യുഎസ് പ്രസിഡന്റിനെ അതാണ് ബാധിച്ചിരിക്കുന്നത്. ഡീപ് വെയിന്‍ ത്രോംബോസിസ് പോലുള്ള അസുഖമോ, ധമനികളെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളോ കണ്ടെത്തിയിട്ടില്ല. ഇപ്പോഴത്തെ രോഗാവസ്ഥയില്‍ ട്രംപിന് മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലെന്നും ലിവിറ്റ് വ്യക്തമാക്കി.

US President Donald Trump
'പുടിനെ വിശ്വസിക്കുന്നുണ്ടോ?', 'ഞാന്‍ ആരെയും വിശ്വസിക്കുന്നില്ല'; റഷ്യന്‍ നേതാവിന്റെ കാര്യത്തില്‍ നിരാശനെന്ന് ട്രംപ്

ട്രംപിന്‍റെ പുറംകൈയിലെ ചെറിയ തടിപ്പുകള്‍, നിരന്തരം ഹസ്തദാനം ചെയ്തശേഷം ആസ്പിരിൻ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്നതാണെന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. ഹൃദയം, വൃക്ക സംബന്ധിക്കുന്ന അസുഖങ്ങളൊന്നും ഇല്ലെന്നും ട്രംപിന്റെ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലിവിറ്റ് വ്യക്തമാക്കി.

എയര്‍ ഫോഴ്‌സ് 1ലേയ്ക്ക് കയറുന്നതിനിടെ ബാലന്‍സ് തെറ്റി വീഴാനൊരുങ്ങുന്ന ട്രംപിന്റെ ചിത്രം മാധ്യമങ്ങളിലും സമൂഹമാധ്യങ്ങളിലും വൈറലായിരുന്നു. നീരുവെച്ച കണങ്കാലുകളുടെയും, ചതവ് പറ്റിയ കൈയുടെയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. അള്‍ട്രാ സൗണ്ട് സ്കാനിങ്ങിലാണ് രോഗം സ്ഥിരീകരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com