
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖമേനിയെ എളുപ്പത്തില്‍ പിടിക്കാമെന്നും എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ചെന്ന് കൊലപ്പെടുത്താന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.
' ഇറാന്റെ പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹം എളുപ്പത്തില്‍ പിടിക്കാന്‍ സാധിക്കുന്ന ഒരു ടാര്‍ഗറ്റ് ആണ്. പക്ഷെ അവിടെ സുരക്ഷിതനാണ്. ചെറിയ കാലത്തേക്കെങ്കിലും ചെന്ന് കൊലപ്പെടുത്താന്‍ പോകുന്നില്ല. എന്നല്‍ സാധാരണക്കാരായ ജനങ്ങളുടെ മുകളിലോ യുഎസ് സൈനികരുടെ മുകളിലോ മിസൈല്‍ പതിപ്പിക്കാന്‍ താത്പര്യപ്പെടുന്നില്ല. ഞങ്ങളുടെ ക്ഷമ കുറഞ്ഞു കൊണ്ടിരിക്കുകയാണ്,' ട്രംപ് കുറിച്ചു.
ട്രൂത്ത് സോഷ്യല്‍ ആപ്പിലൂടെയാണ് ട്രംപിന്റെ തുടരെ തുടരെയുള്ള പ്രതികരണം. മറ്റൊരു പോസ്റ്റില്‍ ഇറാൻ നിരുപാധികം കീഴടങ്ങണം എന്നും പങ്കുവെച്ചിരിക്കുന്നു.
എന്നാല്‍ ട്രംപിന്റെ പരമാര്‍ശത്തില്‍ തെഹ്‌റാന്‍ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
ഇറാന് മുകളില്‍ സമ്പൂര്‍ണ വ്യോമാധിപത്യം നേടിയെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇതുവരെ യുഎസ് ഇടപെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ട്രംപിന്റെ പ്രസ്താവനകള്‍ ചര്‍ച്ചയാകുകയാണ്.
ഇറാന് നല്ല സ്‌കൈ ട്രാക്കേഴ്‌സും പ്രതിരോധ സംവിധാനങ്ങളും ഉണ്ടാകും. പക്ഷെ അതൊന്നും അമേരിക്കന്‍ നിര്‍മിത സംവിധാനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല, എന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 28 ശത്രു വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി. അതില്‍ ഒന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനായി അയച്ച ചാര ഡ്രോണ്‍ ആയിരുന്നുവെന്നും സൈന്യം അറിയിച്ചു. നിരവധി ഇസ്രയേലി ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ത്തതായി നേരത്തെയും ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഇത് നിഷേധിക്കുകയാണ് ഉണ്ടായത്.
ഇറാന്റെ തലസ്ഥാനത്ത് കുറഞ്ഞത് 10 ആണവ കേന്ദ്രങ്ങളെങ്കിലും ഇസ്രയേല്‍ നശിപ്പിക്കുന്നതിന്റെ വക്കിലാണെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞിരുന്നു. ഇസ്രയേല്‍ വ്യോമസേന ഇന്ന് തെഹ്റാനില്‍ വളരെ പ്രധാനപ്പെട്ട ആക്രമണങ്ങള്‍ നടത്തുമെന്നും കാറ്റ്‌സ് പറഞ്ഞിരുന്നു.
'ഇസ്രായേലിന്റെ വ്യോമശക്തിക്ക് നന്ദി, ഇറാനിയന്‍ തലസ്ഥാനത്ത് കുറഞ്ഞത് 10 ആണവ ലക്ഷ്യങ്ങളെങ്കിലും ഇസ്രയേല്‍ നശിപ്പിക്കുന്നതിന്റെ വക്കിലാണ്,' ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ദി ടൈംസ് ഓഫ് ഇസ്രയേലിന് നല്‍കിയ അഭിമുഖത്തിലാണ് കാറ്റ്സ് ഇക്കാര്യം പറഞ്ഞത്.
'ഇറാന്റെ ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം വളരെ ആഴത്തില്‍ ഭൂമിക്കടിയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ യുഎസ് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ക്ക് മാത്രമേ അതിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കാന്‍ കഴിയൂ. തീര്‍ച്ചയായും ഉടന്‍ പരിഹരിക്കപ്പെടുന്ന ഒരു പ്രശ്‌നമാണിത്,' കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.