ഗാസ സമാധാന കരാറില്‍ ഒപ്പുവെച്ച് ട്രംപ്. മൂവായിരം വർഷത്തിനൊടുവിലുണ്ടായ ചരിത്രനിമിഷമെന്നായിരുന്നു കരാറിൽ ഒപ്പുവച്ച് ശേഷം ട്രംപിന്റെ പ്രതികരണം. ഈജിപ്ത്, ഖത്തർ, തുർക്കി മധ്യസ്ഥരും കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാർ ഒപ്പുവച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതും ചർച്ചയായി.
ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ യുദ്ധം അവസാനിപ്പിക്കുന്നതായി ട്രംപ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഉടമ്പടി പ്രകാരമുള്ള ബന്ദികൈമാറ്റവും ഇന്ന് പൂർത്തിയായി. രണ്ട് വര്‍ഷം മുമ്പ്, 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ പിടികൂടി ബന്ദികളാക്കിയ ഇസ്രയേലികളെ ഹമാസ് വിട്ടയച്ചു. ബന്ദികളാക്കിയവരില്‍ ജീവനോടെയുള്ള 20 പേരെയാണ് രണ്ട് ഘട്ടമായി ഹമാസ് വിട്ടയച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹ ശേഷിപ്പുകളും ഇന്ന് കൈമാറിയതായാണ് റിപ്പോർട്ടുകൾ.
ഹമാസ് ബന്ദികളെ വിട്ടയച്ചതിനു പിന്നാലെ, പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സമാധാന പദ്ധതിയുടെ ഭാഗമായി 1968 പലസ്തീന്‍ തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുന്നത്. ഇവരിലേറെയും ഗാസ നിവാസികളാണ്, കുറച്ചുപേര്‍ വെസ്റ്റ് ബാങ്ക് നിവാസികളുമാണ്. പലസ്തീന്‍ തടവുകാരുമായുള്ള ആദ്യ ബസ് വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ എത്തിയിരുന്നു.