ടെൽഅവീവ്; ഗാസയിൽ യുദ്ധം അവസാനിച്ചു, ഇനി ,സമാധാനം പുലരുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യങ്ങൾ ആവർത്തിച്ചത്. തീവ്രവാദവും മരണവും അവസാനിച്ചുവെന്നും പശ്ചിമേഷ്യയിൽ ഇനി സമാധാനമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപ് പ്രശംസിക്കുകയുണ്ടായി. ഇനി യുദ്ധമില്ല ബീബി(നെതന്യാഹു), നിനക്ക് അല്പം സമാധാനിക്കാം എന്നായിരുന്നു ട്രംപ് ചിരിയോടെ പറഞ്ഞത്.
വെടി നിർത്തൽ കരാറിനായുള്ള ശ്രമങ്ങളിൽ ഖത്തറിന്റെ ഇടപെടലുകൾ സഹായമായിരുന്നവെന്ന് ട്രംപ് പറഞ്ഞു. അറബ് നേതാക്കളെയും മുസ്ലിം സമൂഹത്തെയും പ്രശംസിക്കാനും യുഎസ് പ്രസിഡന്റ് മറന്നില്ല. ഇറാൻ ഒരു സമാധാന കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് തയ്യാറാണെന്നും ട്രംപ് പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇറാൻ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തീരുമാനമായിരിക്കും അതെന്നും ട്രംപ് വ്യക്തമാക്കി.
നെതന്യാഹുവിനൊപ്പം പാർലമെന്റ് സെനറ്റിലെത്തിയ ട്രംപിനെ ഭൂരിഭാഗം അംഗങ്ങളും എഴുന്നേറ്റുനിന്ന് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ട്രംപിന്റെ പ്രസംഗത്തിനിടെ ചില എംപിമാർ പ്രതിഷേധിച്ചു. പ്രതിഷേധ മുദ്രാവാക്യവും 'വംശീയത' എന്ന് എഴുതി പോസ്റ്ററുകളും ഉയർത്തിയ എംപിമാരെ സുരക്ഷാ സേന ഇടപെട്ടാണ് പുറത്തിറക്കിയത്.
സെനറ്റിൽ നടന്ന പ്രത്യേക സെഷനിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന് നന്ദി പറഞ്ഞു. , അബ്രഹാം കരാറിലെ മധ്യസ്ഥത വഹിച്ചതിനും, "വിനാശകരമായ ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയതിനും, ഓപ്പറേഷൻ റൈസിംഗ് ലയണിനെ പിന്തുണച്ചതിനും, ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ആരംഭിക്കാനുള്ള ധീരമായ തീരുമാനത്തിനു നന്ദി അറിയിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.