

ടെഹ്റാൻ: യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതോടെ ഹോർമുസിൽ കപ്പലുകൾ തടയുമെന്ന് വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ടോൾ നൽകുന്ന രാജ്യങ്ങളുടെ കപ്പലുകൾ തടയുമെന്നാണ് ഭീഷണി സന്ദേശം.
പാകിസ്ഥാനിൽ നടന്ന മാരത്തൺ ചർച്ചകൾ നന്നായി നടന്നുവെന്നും മിക്ക കാര്യങ്ങളും ഇരു രാജ്യങ്ങളും അംഗീകരിച്ചെന്നും സമ്മതിച്ച ട്രംപ്, എന്നാൽ തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാൻ ഒത്തുതീർപ്പുകൾക്ക് വിസമ്മതിച്ചുവെന്ന് വ്യക്തമാക്കി.
"ലോകത്തിലെ ഏറ്റവും മികച്ച നാവികസേനയായ യുഎസ് നേവി, ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുന്ന നടപടി ആരംഭിക്കും. യുഎസിന് നേരെയോ സമാധാനപരമായി മുന്നേറുന്ന കപ്പലുകൾക്ക് നേരെയോ വെടിയുതിർക്കുന്ന ഏതൊരു ഇറാനുകാരന് നേരെയും ശക്തമായി തിരിച്ചടിക്കും," ട്രംപ് പറഞ്ഞു.
അതേസമയം, യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതോടെ മധ്യസ്ഥ ശ്രമവുമായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ ഒരു ഉടമ്പടിയുമില്ലാതെ അവസാനിച്ചിരുന്നു.