യുഎസ്: കെൻ്റക്കി പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. അക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് വെടിവെച്ചുകൊന്നു . ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിയിലെ വ്യക്തികളുമായി പ്രതിക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തിന് മുൻപായി ലെക്സിംഗടൺ വിമാനത്താവളത്തിന് സമീപത്തുവച്ച് തോക്കുധാരി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിന്നാലെ ഇയാൾ കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞു. വാഹനം തടഞ്ഞുനിർത്തുന്നതിനിടെ പ്രതി ഒരു സ്റ്റേറ്റ് ട്രൂപ്പറെ വെടിവച്ചു കൊന്നു.
തുടർന്ന് അക്രമി വാഹനം ലെക്സിംഗ്ടണിലെ റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് കൊണ്ടുപോയി. ആദ്യ ആക്രമണം നടന്ന പ്രദേശത്ത് നിന്നും 25 കിലോമീറ്റർ അകലെയാണ് പള്ളി സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും ഇടവകക്കാർക്ക് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു.
നാല് പേർക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ 72 ഉം 32 ഉം വയസ്സുള്ള രണ്ട് സ്ത്രീകൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പുരുഷന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പള്ളിയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
അക്രമത്തിന് പിന്നാലെ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. ഇയാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഗൈ ഹൗസ് എന്നയാളാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം.