

യുകെ: ലണ്ടനില്‍ ട്രെയിനില്‍ കത്തിക്കുത്ത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോണ്‍കാസ്റ്ററില്‍ നിന്ന് ലണ്ടനിലെ കിംഗ്‌സ് ക്രോസ് സ്റ്റേഷനിലേക്ക് പോകുന്ന തിരക്കേറിയ ട്രെയിനിലാണ് ആക്രമണം നടന്നത്.
യാത്രക്കാര്‍ക്കു നേരെ അക്രമികള്‍ കത്തി വീശുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേംബ്രിഡ്ജിന് സമീപമുള്ള ഹണ്ടിംഗ്ഡണ്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ പരിക്കേറ്റ പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒമ്പത് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ കുറിച്ചും പിന്നില്‍ ആരാണെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആക്രമണത്തെ അപലപിച്ചു. അതീവ ദുഃഖകരവും ആശങ്കാജനകവുമായ വിഷയമെന്നാണ് ആക്രമണത്തെ അപലപിച്ചു കൊണ്ട് സ്റ്റാര്‍മര്‍ പ്രതികരിച്ചത്.
പ്രാദേശിക സമയം വൈകിട്ട് 7.39 ഓടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. ഒരാള്‍ കത്തിയെടുത്ത് യാത്രക്കാര്‍ക്കു നേരെ വീശുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രക്ഷപ്പെടാന്‍ പലരും ട്രെയിനിലെ വാഷ്‌റൂമില്‍ കയറി ഇരുന്നു. ട്രെയിനില്‍ എല്ലായിടത്തും രക്തമുണ്ടായിരുന്നുവെന്നും ആക്രമണത്തിനിരയായ ഒരാള്‍ 'എനിക്ക് കുത്തേറ്റു' എന്ന് വിളിച്ച് പറഞ്ഞ് ഓടുന്നതും കണ്ടതായി ചിലര്‍ മൊഴി നല്‍കി.
ട്രെയിന്‍ ഹണ്ടിംഗ്ഡണ്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആളുകളെ രക്ഷിക്കാനായത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി മാറ്റിയതായി പൊലീസ് അറിയിച്ചു. സ്റ്റേഷനില്‍ വെച്ചു തന്നെയാണ് രണ്ട് പേരെ പിടികൂടിയതും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.