

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ തൻ്റെ ഭാര്യയുടെ മതത്തെ കുറിച്ചുള്ള പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായെത്തി യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. ഉഷ വാൻസ് ക്രിസ്ത്യാനി അല്ലെന്നും മതം മാറാൻ പദ്ധതി ഇല്ലെന്നും വാൻസ് എക്സിൽ കുറിച്ചു. ഹിന്ദുമത വിശ്വാസത്തിൽ വളർന്ന തൻ്റെ ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാൽ സന്തോഷമാകുമെന്ന വാൻസിൻ്റെ പ്രസ്താവനയാണ് വിവാദമായത്. തനിക്കെതിരായ വിമർശനങ്ങൾ അറപ്പുളവാക്കുന്നതാണ് എന്നും മിശ്ര വിവാഹത്തെ കുറിച്ചുള്ള ചോദ്യം വ്യക്തിപരമാണെങ്കിലും പൊതുപ്രവർത്തകനെന്ന നിലയിൽ അത് ഒഴിക്കുന്നില്ലെന്നും വാൻസ് എക്സ് പോസ്റ്റിൽ പറയുന്നു.
"ഒന്നാമതായി, എൻ്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യം എൻ്റെ ആശയങ്ങളോട് യോജിക്കാത്ത ഒരാളിൽ നിന്നായിരുന്നു. ഞാനൊരു പൊതുപ്രവർത്തകനാണ്, ആളുകൾക്ക് ആകാംക്ഷയുണ്ടാകും, ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല,” വാൻസ് കുറിച്ചു.
"അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ പദ്ധതികളുമില്ല. എന്നാൽ ഒരു മിശ്രവിവാഹത്തിലോ അല്ലെങ്കിൽ ഏതൊരു മിശ്രബന്ധത്തിലോ ഉള്ള പലരെയും പോലെ, അവളും ഒരുനാൾ ഞാൻ കാണുന്നത് പോലെ കാണുമെന്ന് പ്രതീക്ഷിക്കുന്നു,” വാൻസ് വിശദീകരിച്ചു.
സുവിശേഷം മനുഷ്യർക്ക് നല്ലതാണെന്ന് തനിക്കറിയാവുന്നത് ക്രിസ്തുമതത്തിലൂടെ ആണെന്ന് വാൻസ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തൻ്റെ വിശ്വാസത്തിലേക്ക് വീണ്ടും ഇടപഴകാൻ പ്രോത്സാഹിപ്പിച്ചത് ഭാര്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൻ്റെ ഭാര്യയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് തുടരുമെന്നും വിശ്വാസത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവളോട് സംസാരിക്കുമെന്നും വാൻസ് പറഞ്ഞു. വിമർശകരുടെ പരാമർശത്തിൽ ക്രിസ്ത്യൻ വിരുദ്ധ മതഭ്രാന്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസിസിപ്പി സർവകലാശാലയിൽ നടന്ന ടേണിംഗ് പോയിൻ്റ് യുഎസ്എ എന്ന പരിപാടിയിലായിരുന്നു ഭാര്യയുടെ വിശ്വാസത്തെക്കുറിച്ച് പരാമർശം നടത്തിയത്.
ഹിന്ദുവായ ഭാര്യയെ താൻ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും കുട്ടികളെ ക്രിസ്ത്യാനികളായി വളർത്തുന്നുണ്ടെന്നും വാൻസ് പറഞ്ഞതോടെ വലിയ വിവാദമാണ് ഉയർന്നുവന്നത്. ഹിന്ദുമതത്തോട് അനാദരവോടെയാണ് വാൻസ് പെരുമാറുന്നതെന്ന് യുഎസിലെ ഇന്ത്യൻ സമൂഹം വിമർശിച്ചു.