ന്യൂയോര്‍ക്ക്: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും തടവിലാക്കിയ നടപടിയില്‍ തന്റെ പ്രതിഷേധം ഡൊണാള്‍ഡ് ട്രംപിനോട് നേരിട്ട് രേഖപ്പെടുത്തിയതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. ഒരു പരമാധികാര രാഷ്ട്രത്തിനു നേരെയുള്ള ഏകപക്ഷീയമായ ആക്രമണത്തെ 'യുദ്ധപ്രവൃത്തി' എന്നാണ് മംദാനി വിശേഷിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മറുപടി പറുകയായിരുന്നു സൊഹ്‌റാന്‍ മംദാനി. പ്രസിഡന്റിനെ നേരിട്ട് വിളിച്ച് തന്റെ വിയോജിപ്പ് അറിയിച്ചു. എന്നാല്‍, ട്രംപിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ന്യൂയോര്‍ക്ക് സിറ്റി മേയറായി മംദാനി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം ദിവസമാണ് വെനസ്വേലയ്‌ക്കെതിരായ ട്രംപിന്റെ അസ്വാഭാവിക നടപടി. വെനിസ്വേലന്‍ പ്രസിഡന്റിനെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയതിനെക്കുറിച്ചും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫെഡറല്‍ കസ്റ്റഡിയില്‍ അടയ്ക്കാന്‍ പദ്ധതിയിട്ടതിനെക്കുറിച്ചും ശനിയാഴ്ച രാവിലെയാണ് മംദാനിയെ അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ്, പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്.
ഭരണമാറ്റത്തിനായുള്ള നഗ്‌നമായ ശ്രമം ന്യൂയോര്‍ക്കില്‍ താമസിക്കുന്ന വെനസ്വേലക്കാരേയും ബാധിക്കുമെന്നും മംദാനി പറഞ്ഞു. ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധശ്രമമാണെന്നും ഫെഡറല്‍ നിയമങ്ങളുടേയും അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനാണെന്നും മംദാനി വ്യക്തമാക്കി.
ഭരണമാറ്റത്തിനായുള്ള നഗ്‌നമായ ശ്രമം വിദേശത്തുള്ളവരെ മാത്രമല്ല ബാധിക്കുക, ന്യൂയോര്‍ക്കിനെ സ്വന്തം നാടായി കാണുന്ന ആയിരക്കണക്കിന് വെനസ്വേലക്കാരേയും ഇത് ബാധിക്കും. അവരുള്‍പ്പെടെയുള്ള ന്യൂയോര്‍ക്ക് വാസികളുടെ സുരക്ഷയ്ക്കാണ് തന്റെ പ്രഥമ പരിഗണന. അതിനായുള്ള കാര്യങ്ങള്‍ ചെയ്യും.