

യുഎസ് കടത്തിക്കൊണ്ടുപോയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ പുതിയ വീഡിയോ പുറത്ത്. യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഇഎ) ഉദ്യോഗസ്ഥര്‍ കൈവിലങ്ങണിയിച്ചു കൊണ്ടുപോകുന്ന മഡൂറോയുടെ വീഡിയോ ആണ് പുറത്തു വന്നത്.
കൈവിലങ്ങണിഞ്ഞ് തലയുയര്‍ത്തി നീങ്ങുന്ന മഡൂറോ സമീപത്തുള്ളവരോട് 'ഗുഡ്‌നൈറ്റ്, ഹാപ്പി ന്യൂ ഇയര്‍' എന്നും പറയുന്നുണ്ട്. ശനിയാഴ്ചയാണ് കാരക്കാസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കയറി നിക്കോളാസ് മഡൂറോയേയും ഭാര്യ സിലിയ ഫ്‌ളോറസിന്റെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈന്യം കടത്തിക്കൊണ്ടു വന്നത്.
കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന പ്രസിഡന്റിനേയും ഭാര്യയേയും വലച്ചിഴച്ചു പുറത്തുകൊണ്ടു വരികയായിരുന്നു. ട്രംപ് പുറത്തുവിട്ട മഡൂറോയുടെ ചിത്രത്തില്‍ ട്രാക്ക് സ്യൂട്ട് ധരിച്ച് കണ്ണ് കെട്ടിയ നിലയിലായിരുന്നു അദ്ദേഹം.
മഡൂറോയെയും ഭാര്യയെയും അമേരിക്കയില്‍ നാര്‍ക്കോ-ടെററിസം കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യാനാണ് അമേരിക്കയുടെ നീക്കം. 2020 മുതല്‍ മഡൂറോ ക്രിമിനല്‍ സംഘടനയുടെ തലവനാണെന്നാണ് ട്രംപിന്റെ ആരോപണം. മഡൂറോയുടെ ഭാര്യക്കെതിരേയും നാര്‍ക്കോ ടെററിസം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. യുഎസിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തിയെന്നാണ് ആരോപണം.
കാരക്കാസില്‍ നിന്നും കസ്റ്റഡിയിലെടുത്ത മഡൂറോയെ ആദ്യം യുഎസ് സൈനിക താവളത്തിലേക്കും അവിടെ നിന്ന് ന്യൂയോര്‍ക്കിലേക്കും എത്തിക്കുകയായിരുന്നു. മുപ്പത് മിനുട്ട് നീണ്ട ഓപ്പറേഷനില്‍ അമേരിക്കന്‍ സൈന്യത്തിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ലെന്നും ട്രപ് അവകാശപ്പെട്ടിരുന്നു.
മഡൂറോയെ കസ്റ്റഡിയിലെടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടതിനു ശേഷം വെനസ്വേലയുടെ ഭരണം താത്കാലികമായി യുഎസ് ഏറ്റെടുക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.