

വാഷിങ്ടൺ: മധ്യേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങി കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് മുപ്പത് ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്. നേരത്തെ ഇന്ത്യയ്ക്കും ഇളവ് നൽകിയിരുന്നു. യുദ്ധത്തെ തുടർന്ന് എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിൽ കടന്ന പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ നീക്കം.
യുദ്ധം ആരംഭിച്ചതോടെ ആഗോള എണ്ണ വിതരണ സംവിധാനത്തിൽ ഗുരുതര പ്രതിസന്ധി ഉയരുകയും ഇന്ധനം കയറ്റിയ ചരക്ക് കപ്പലുകൾ പ്രധാനമായും കടന്നു പോകുന്ന ഹോർമുസ് കടലിടുക്കിൽ ഗതാഗതം തടസപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ട്രംപ് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ചത്.
ഏപ്രിൽ 11 വരെ രാജ്യങ്ങൾക്ക് ഇതിനോടകം ബാരലുകളിൽ നിറച്ച റഷ്യൻ എണ്ണ വാങ്ങാനുള്ള അനുമതിയുണ്ട്. ഇതോടെ ആഗോള തലത്തിൽ ഏകദേശം 30 ഇടങ്ങളിലായി കുടുങ്ങി കിടക്കുന്ന 124-125 ബാരൽ റഷ്യൻ എണ്ണ രാജ്യങ്ങൾക്ക് ലഭ്യമാകുകയും അതുവഴി ഗൾഫ് ഷിപ്പിങ് റൂട്ടിലെ തടസം മൂലം നില നിൽക്കുന്ന എണ്ണ പ്രതിസന്ധിയിൽ അയവ് വരുകയും ചെയ്യുമെന്നാണ് നിരീക്ഷണം.
ഇളവ് താൽക്കാലികം മാത്രമാണെന്നും റഷ്യയ്ക്ക് ഇത് വഴി സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസൻ്റ് പറഞ്ഞു. ഇറാനുമായുള്ള സംഘർഷത്തെ തുടർന്നുണ്ടായ ഇന്ധന ക്ഷാമം പരിഹരിക്കാൻ തങ്ങളുടെ സ്ട്രാറ്റജിക് പെട്രോളിയം ലിമിറ്റഡിൽ നിന്ന് 172 ബില്യൺ ബാരൽ ക്രൂഡോയിൽ പുറത്ത് വിടുമെന്ന് യുഎസ് ഊർജ വകുപ്പ് പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് പുതിയ നീക്കം.