ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും ഗോർ. ട്രംപും മോദിയും തമ്മിലുള്ളത് ആഴമേറിയ ബന്ധമാണെന്നും സെർജിയോ ഗോർ പറഞ്ഞു. അതേസമയം ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതൽ തീരുവ ചുമത്താൻ ജി7 രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടു.
സെനറ്റ് കമ്മിറ്റിയുടെ വിദേശകാര്യ സമിതി യോഗത്തിലാണ് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ ഇന്ത്യ-യുഎസ് തീരുവ യുദ്ധം അന്ത്യത്തിലേക്ക് എന്ന സൂചന നൽകുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തീവ്ര ശ്രമങ്ങൾ തുടരുകയാണ്. ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകും. ഇതിനായി അടുത്ത ആഴ്ച ഇന്ത്യയുടെ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള പ്രതിനിധി സംഘത്തെ വാഷിങ്ടണിലേക്ക് ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്ന് ഗോർ കൂട്ടിച്ചേർത്തു.
ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയെന്ന് വിശേഷിപ്പിച്ച ഗോർ, മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യക്ക് യുഎസുമായാണ് ബന്ധം കൂടുതലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിലുള്ളത് ആഴത്തിലുള്ള ബന്ധമെന്നും പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള മോദിയുടെ പ്രതികരണത്തെ ട്രംപ് പ്രശംസിച്ചത് ചൂണ്ടിക്കാട്ടിയാണ് ഗോറിൻ്റെ പ്രതികരണം. എന്നാൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ മാത്രമെ ഇന്ത്യയുമായുള്ള വ്യാപാര കരാറിന് അമേരിക്ക തയ്യാറാവുകയുള്ളുവെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.
അതേസമയം യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നത് വരെ, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും അധിക തീരുവ ചുമത്താന്‍ അമേരിക്ക ജി -7 രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 100 ശതമാനം വരെ തീരുവ ചുമത്താനാണ് നിര്‍ദ്ദേശം. ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ ഡോണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.