വ്യാപാര തര്‍ക്കം പരിഹരിക്കാന്‍ യുഎസും ചൈനയും; നാളെ ലണ്ടനില്‍ ചര്‍ച്ച

പരസ്പരം മത്സരിച്ച് വര്‍ധിപ്പിച്ച താരിഫ് 115 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ തന്നെ താല്‍ക്കാലിക ധാരണയില്‍ എത്തിയിരുന്നു.
Donald Trump, Xi Jinping
Donald Trump, Xi JinpingSource:
Published on

വ്യാപാര തര്‍ക്കം പരിഹരിക്കാന്‍ യുഎസും ചൈനയും തിങ്കളാഴ്ച ലണ്ടനില്‍ ചര്‍ച്ചകള്‍ നടത്തും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് വ്യാപാര ചര്‍ച്ചയ്ക്ക് തീരുമാനമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തിന് ഇതിലൂടെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, സാമ്പത്തിക സെക്രട്ടറി ഹൊവാര്‍ഡ് ലൂട്ടിനിക്, വ്യാപാര പ്രതിനിധി ജാമീസണ്‍ ഗ്രീര്‍ എന്നിവര്‍ വാഷിംഗ്ടണിന് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ട്രംപ് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Donald Trump, Xi Jinping
"ഭാവിയിലേക്ക് അടയാളപ്പെടുത്താന്‍" നിർദേശിക്കുന്ന വിവാദ പോസ്റ്റ് പിന്‍വലിച്ച് മസ്ക്; ട്രംപുമായുള്ള തർക്കം അയയുന്നുവെന്ന് സൂചന

അതേസമയം ചൈനയെ പ്രതിനിധീകരിച്ച് ആരെല്ലാമായിരിക്കും പങ്കെടുക്കുകയെന്ന് വ്യക്തമല്ല. വാഷിംഗ്ടണിലെ ചൈനീസ് എംബസി ഇതുസംബന്ധിച്ച് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ചര്‍ച്ച നന്നായി തന്നെ നടക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

പരസ്പരം മത്സരിച്ച് വര്‍ധിപ്പിച്ച താരിഫ് 115 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ തന്നെ താല്‍ക്കാലിക ധാരണയില്‍ എത്തിയിരുന്നു. 90 ദിവസത്തേക്കാണ് താരിഫ് പിന്‍വലിക്കുന്നത്. താരിഫ് വര്‍ധിപ്പിച്ച നടപടി ആഗോള സാമ്പത്തിക ക്രമത്തെ പോലും ബാധിച്ചിരുന്നു. എന്നാല്‍ തീരുവ താല്‍ക്കാലികമായി കുറച്ചത് വലിയ ആശ്വാസമായിരുന്നു.

ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു. യുഎസിലും, ചൈനയിലുമായോ അല്ലെങ്കില്‍ ഇരു രാജ്യങ്ങളുടെയും ധാരണപ്രകാരം മൂന്നാം രാജ്യത്തിലോ ചര്‍ച്ചകള്‍ നടക്കുമെന്നായിരുന്നു മുന്നെ ഉണ്ടായിരുന്ന ധാരണ. നാളെ നടക്കുന്ന ചര്‍ച്ചയില്‍ താരിഫ് ഏത് നിരക്കില്‍ തുടരണം എന്നതുള്‍പ്പെടെ തീരുമാനിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Donald Trump, Xi Jinping
ഇഎംഐയും പലിശയും കുറയും; റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്

അധികാരമേറ്റതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് കനത്ത തീരുവ ചുമത്തിയത്. തിരിച്ചടിയെന്നോണം ചൈനയും യുഎസ് ഇറക്കുമതിക്കുള്ള തീരുവ വര്‍ധിപ്പിച്ചതോടെയാണ് വ്യാപാരബന്ധം സങ്കീര്‍ണമായത്. പത്ത് ശതമാനം വീതമായിരുന്നു ട്രംപിന്റെ ആദ്യ രണ്ട് വര്‍ധനകള്‍. ഇതിനോട് അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്. പിന്നാലെ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമായി ഉയര്‍ന്നു. യുഎസ് ഇറക്കുമതിക്ക് 84 ശതമാനം മറുചുങ്കം ചുമത്തിയായിരുന്നു ചൈനയുടെ തിരിച്ചടി. ഇതോടെ ചൈനയ്ക്ക് മേലുള്ള താരിഫ് ട്രംപ് 125 ശതമാനമായി യുഎസ് ഉയര്‍ത്തി. ഇതിനു പുറമേ ചൈനയ്ക്ക് മേല്‍ ചുമത്തിയ 20 ശതമാനം ഫെന്റനൈല്‍ അനുബന്ധ താരിഫും കൂടിയായപ്പോള്‍ മൊത്തം 145 ശതമാനം ആയി. വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ചൈന യുഎസ് ഇറക്കുമതിക്കുള്ള തീരുവ 125 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com