

പാരിസ്: യുഎസും ഇറാനും സമാധാന കരാറില്‍ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ സാന്നിധ്യത്തിലും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഓണ്‍ലൈന്‍ ആയുമാണ് ഒപ്പുവച്ചത്.
വൈറ്റ് ഹൗസും ഇറാന്‍ വിദേശകാര്യ മന്ത്രാലയവും ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഇനി ജനീവയില്‍ വച്ച് നടത്താനിരുന്ന ചടങ്ങ് ഒഴിവാക്കിയേക്കും. ഇരുവരും ഒപ്പുവച്ച നിമിഷം മുതല്‍ കരാര്‍ നിലവില്‍ വന്നുവെന്നും അന്തിമ കരാര്‍ 60 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഇരു രാജ്യങ്ങളും ഡിജിറ്റലായി കരാറില്‍ ഒപ്പുവച്ചിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫ് എന്നിവരാണ് ഡിജിറ്റലായി ഒപ്പുവച്ചത്.
60 ദിവസം വെടിനിര്‍ത്തല്‍, ഹോര്‍മുസ് ഇടനാഴി തുറക്കല്‍, ഇറാന് മേലുള്ള ഉപരോധം നീക്കല്‍, ലെബനനിലെ സൈനിക നീക്കം അവസാനിപ്പിക്കല്‍ തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതാണ് കരാര്‍.
രണ്ടുമാസത്തിലധികം നീണ്ട സംഘര്‍ഷങ്ങള്‍ക്കും നയതന്ത്ര ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യുഎസ്-ഇറാന്‍ സമാധാന ഉടമ്പടി യാഥാര്‍ഥ്യമായത്. നേരത്തെ കരാര്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, കപ്പലുകള്‍ തയ്യാറാക്കൂ എന്നും, എണ്ണ ഒഴുകട്ടെയെന്നും ട്രൂത്ത് സോഷ്യലില്‍ ആഹ്വാനം ചെയ്തിരുന്നു. സമാധാന ഉടമ്പടി സ്ഥിരീകരിച്ചുള്ള പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് 80ാം പിറന്നാള്‍ ദിനത്തില്‍ ട്രംപ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.