ഖ്വേഷം ദ്വീപിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകർത്തെന്ന് യുഎസ്; കുവൈത്തിലും ബഹ്റൈനിലും ഡ്രോൺ ആക്രമണവുമായി ഇറാൻ

ഖ്വേഷം ദ്വീപ് ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്കും ഇറാൻ ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോണുകള്‍ നിർവീര്യമാക്കിയതായി കുവൈത്ത് അവകാശപ്പെട്ടു.
QESHM Island.
Published on: 
Updated on: 

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലുള്ള ഇറാൻ്റെ ഖ്വേഷം ദ്വീപിന് നേരെ വീണ്ടും ആക്രമണം നടത്തി യുഎസ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ചൊവ്വാഴ്‌ച യുഎസ് സൈന്യം ഖ്വേഷം ദ്വീപിനെ ലക്ഷ്യമിട്ട് ഒന്നിലധികം ഡ്രോൺ ആക്രമണങ്ങളാണ് നടത്തിയത്. ഖ്വേഷം ദ്വീപ് ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്കും ഇറാൻ ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോണുകള്‍ നിർവീര്യമാക്കിയതായി കുവൈത്ത് അവകാശപ്പെട്ടു.

ഡ്രോൺ ആക്രമണത്തിലൂടെ ഖ്വേഷം ദ്വീപിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം തകർത്തെന്ന് യുഎസ് അവകാശപ്പെട്ടു. ഈ ആക്രമണത്തിൽ താമസ സ്ഥലങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യ മേഖലകൾ എന്നിവയ്ക്കൊന്നും യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് ഐആർജിസി അറിയിച്ചു.

QESHM Island.
റിഫ വ്യോമതാവളം ആക്രമണം: ബഹ്റൈൻ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് യുഎസ്

എന്നാൽ, ദ്വീപിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്‌ച വൈകുന്നേരം ഖെഷമിൽ കുറഞ്ഞത് അഞ്ചോ ആറോ സ്ഫോടന ശബ്ദ‌ങ്ങൾ കേട്ടതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഖ്വേഷം ദ്വീപിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുരിതാശ്വാസ സേവന ഏജൻസികൾ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി.

ഖ്വേഷം ദ്വീപ് ആക്രമണത്തിന് പിന്നാലെ കുവൈത്തിലേക്കും ഇറാൻ്റെ ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോണുകള്‍ നിർവീര്യമാക്കിയതായി കുവൈത്ത് അവകാശപ്പെട്ടു. ബഹ്റൈന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിട്ടുണ്ട്. മനാമയിൽ രണ്ടാമതും അപായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാൻ ആണെന്നും ബഹ്റൈന്‍ ആരോപിച്ചു.

യുഎസ് ഡ്രോൺ ആക്രമണത്തിന് തൊട്ടു മുമ്പ് ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. നാല് ദിവസത്തിനിടെ ബഹ്റൈന് നേരെ ഇറാൻ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. യുഎസ് സൈനിക ഡ്രോണുകൾ ഇറാൻ്റെ വ്യോമാതിർത്തി തുടർച്ചയായി ലംഘിച്ചതിന് മറുപടിയായാണ് ഈ ആക്രമണമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചു. ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിൽ യുഎസ് സേന പ്രവർത്തിപ്പിക്കുന്ന റഡാർ സംവിധാനത്തെ ലക്ഷ്യമിട്ടാണ് റവല്യൂഷണറി ഗാർഡ്സിന്റെ കോംബാറ്റ് ഡ്രോണുകൾ ആക്രമണം നടത്തിയത്.

QESHM Island.
ഹോർമുസില്‍ ഒമാന്‍ തീരത്തോട് ചേർന്ന് എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണം

കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ ശ്രമിച്ചുവരികയാണ്. തങ്ങൾ അംഗീകരിച്ച പാതകളിലൂടെ മാത്രം കപ്പലുകൾ സഞ്ചരിക്കണമെന്ന് നിർബന്ധം പിടിക്കുന്ന ഇറാൻ, അനുമതിയില്ലാത്ത കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. സമീപകാലത്ത് കടലിടുക്കിൽ വച്ച് കപ്പലുകൾക്ക് തീപിടിച്ചതായും അവ മൈനുകളിൽ തട്ടിയതാണെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു. കൂടാതെ, ഒമാന് സമീപം കടന്നുപോയ എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതായും അറിയപ്പെടാത്ത പ്രൊജക്‌റ്റൈൽ തട്ടി ടാങ്കറിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.