

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇൻ്റലിജൻസ് മേധാവി തുളസി ഗാബാർഡ് പദവി രാജിവെച്ചു. ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് രാജിയെന്നാണ് വിശദീകരണം. ഭർത്താവ് എബ്രഹാമിന് അപൂർവമായ ബോൺ കാൻസർ ബാധിച്ചതായും രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഓവൽ ഓഫീസിൽ നടന്ന യോഗത്തിലാണ് ഗബാർഡ് രാജി തീരുമാനം ട്രംപിനെ അറിയിച്ചത്. ഭർത്താവിന് അപൂർവ തരം ബോൺ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതായും ഈ സമയത്ത് പൊതു സേവനത്തിൽ നിന്നും മാറി നിന്നുകൊണ്ട് ഈ പോരാട്ടത്തിൽ അദ്ദേഹത്തെ പൂർണമായും പിന്തുണയ്ക്കുവാനാണ് ശ്രമിക്കുന്നതെന്നും ഗാബാർഡ് തൻ്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, തുളസി ഗാബാർഡിൻ്റെ രാജി വൈറ്റ് ഹൗസ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും വിവരമുണ്ട്. ട്രംപിൻ്റെ ഓഫീസും ഇവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. നാഷണൽ ഇന്റലിജൻസിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ആരോൺ ലൂക്കാസ് ആണ് ഇനി നാഷണൽ ഇന്റലിജൻസിന്റെ ആക്ടിംഗ് ഡയറക്ടറായി പ്രവർത്തിക്കുക.