ഭക്ഷ്യവിതരണം സുരക്ഷിതമാക്കണം: കൃഷി വകുപ്പില്‍ യുഎസിന്റെ വെട്ടിനിരത്തല്‍; 70 വിദേശ ഗവേഷകരെ പിരിച്ചുവിട്ടു

ചൈന, റഷ്യ, ഉത്തരകൊറിയ, ഇറാൻ ഉള്‍പ്പെടെ എതിരാളികളിൽ നിന്ന് യുഎസിന്റെ ഭക്ഷ്യവിതരണം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ സുരക്ഷാ അവലോകത്തിനു പിന്നാലെയാണ് നടപടി.
USDA Office Building
യുഎസ്‌ഡിഎ ആസ്ഥാനംSource: world-grain.com
Published on

വാഷിങ്ടണ്‍: ഭക്ഷ്യവിതരണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഗവേഷണ പദ്ധതികളില്‍നിന്ന് വിദേശീയരെ ഒഴിവാക്കി യുഎസ് കൃഷി വകുപ്പ് (യുഎസ്‌ഡിഎ). വിദേശീയരായ 70 കരാര്‍ ഗവേഷകരെയാണ് യുഎസ്‌ഡിഎ പിരിച്ചുവിട്ടത്. ചൈന, റഷ്യ, ഉത്തരകൊറിയ, ഇറാൻ ഉള്‍പ്പെടെ എതിരാളികളിൽ നിന്ന് യുഎസിന്റെ ഭക്ഷ്യവിതരണം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ സുരക്ഷാ അവലോകത്തിനു പിന്നാലെയാണ് നടപടി. വകുപ്പുമായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ച വ്യക്തികളെക്കുറിച്ച് സമഗ്ര അവലോകനം പൂര്‍ത്തിയാക്കി. യുഎസ് ആശങ്കപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള 70 പേരെ തിരിച്ചറിഞ്ഞാണ് നടപടി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസ്‌ഡിഎ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വകുപ്പ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ എട്ടിന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് കോളിന്‍സ് കാര്‍ഷിക സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക സുരക്ഷയെന്നാല്‍ ദേശീയ സുരക്ഷയാണ് എന്നതാണ് പദ്ധതിയുടെ കാതല്‍. യുഎസ് കൃഷി ഭൂമി വാങ്ങുന്നതില്‍നിന്ന് നാല് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ തടയുന്നതിനൊപ്പം, അവരുമായുള്ള ഗവേഷണ കരാറുകള്‍ അവസാനിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. 100 ശതമാനവും അമേരിക്കന്‍ ജീവനക്കാരെയാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നവര്‍ക്ക് കുടിയേറ്റ ജീവനക്കാരെ മാറ്റാവുന്നതാണെന്നും കോളിന്‍സ് നിര്‍ദേശിക്കുന്നു. യുഎസ് ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ഈ നീക്കങ്ങൾ ആവശ്യമാണ്. രാജ്യത്ത് അന്യായമായി കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം നടപടിയെടുത്ത സാഹചര്യത്തില്‍, കാര്‍ഷിക മേഖലയിലെ ജീവനക്കാര്‍ക്ക് ഒരു തരത്തിലുള്ള ദയയും ലഭിക്കില്ലെന്നും കോളിന്‍സ് വ്യക്തമാക്കിയിരുന്നു.

യുഎസ്‌ഡിഎയുടെ ഇന്‍-ഹൗസ് ഗവേഷണ വിഭാഗമായ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസില്‍ (എആര്‍എസ്) കരാര്‍ അടിസ്ഥാനത്തില്‍ ഗവേഷണം ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടതെന്ന് കാലിഫോര്‍ണിയയിലെ അല്‍ബാനിയിലെ എആര്‍എസ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന അമേരിക്കന്‍ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് ലോക്കൽ 1657 പ്രസിഡന്റ് തോമസ് ഹെൻഡേഴ്സൺ പറഞ്ഞു. പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗവും ഏജൻസിയുമായി രണ്ട് വർഷത്തെ കരാറുകളിൽ ജോലി ചെയ്തിരുന്ന ചൈനയില്‍ നിന്നുള്ള പോസ്റ്റ്-ഡോക്ടറൽ ഗവേഷകരായിരുന്നു. വിശദമായ പരിശോധനകള്‍ക്കു ശേഷമായിരുന്നു ഇവര്‍ നിയമിക്കപ്പെട്ടത്. ചിലര്‍ ജൂലൈ ഒമ്പതിന് ജോലിക്ക് എത്തിയെങ്കിലും, അവരുടെ ബാഡ്‌ജുകള്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.

USDA Office Building
ട്രംപിന് സാധാരണ അസുഖം മാത്രം; വിവരങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്

ഫെഡറല്‍ നിയമനങ്ങള്‍ ഒക്ടോബര്‍ 15 വരെ മരവിപ്പിച്ചിട്ടുള്ളതിനാല്‍, പിരിച്ചുവിട്ട ഗവേഷകര്‍ക്കു പകരം ആളുകളെ ഇപ്പോള്‍ നിയമിക്കാനാവില്ല. വേവിക്കാത്ത ഗോമാംസത്തിൽ കാണപ്പെടുന്ന മാരകമായ വിഷവസ്തുവിനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള പദ്ധതി പോലെ, കർഷകർക്ക് പ്രയോജനപ്രദമായ ശാസ്ത്രീയ പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്ക്കേണ്ടിവരുമെന്ന് ഹെൻഡേഴ്സൺ പറഞ്ഞു. ഇത്തരം ഗവേഷണ പദ്ധതികളില്‍ ഇപ്പോള്‍ മുന്നോട്ടുപോകാനാവില്ല. അത് യുഎസിനെ വര്‍ഷങ്ങളോളം, പതിറ്റാണ്ടുകളോളം പിന്നോട്ട് കൊണ്ടുപോകുമെന്നും ഹെൻഡേഴ്സൺ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗവേഷകസംഘത്തിന്റെ ശക്തി കുറയുന്ന കാര്യത്തില്‍ യുഎസ്‍ഡിഎ പ്രതികരിച്ചിട്ടില്ല.

യുഎസിലെ കര്‍ഷകരെ സാരമായി ബാധിക്കുന്നതെന്ന് മുന്‍ഗണന ചെയ്തിട്ടുള്ള കീടശല്യം, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ കാര്‍ഷിക വിഷയങ്ങളിലാണ് എആര്‍എസ് ഗവേഷണങ്ങള്‍ നടത്തുന്നത്. ട്രംപ് ഭരണകൂടത്തിന്റെ പിരിച്ചുവിടലും, സ്വമേധയാ രാജിവയ്ക്കുന്നതിനുള്ള നയങ്ങളും കാരണം ഏജന്‍സിക്ക് ഏകദേശം 1200 ജീവനക്കാരെയാണ് നഷ്ടപ്പെട്ടത്. 2024ല്‍ നിയമിച്ച ജീവനക്കാരുടെ 17 ശതമാനത്തിലധികം വരുമിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com