വാഷിങ്ടൺ സിറ്റി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ടുള്ള ഫോൺ സംഭാഷണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനുമൊപ്പം ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്‌കും പങ്കുചേർന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് മസകും പങ്കുചേർന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. രണ്ട് രാജ്യത്ത പ്രധാന നേതാക്കൾ തമ്മിലുള്ള സംഭാഷണത്തിൽ സ്വകാര്യ വ്യക്തി പങ്കുചേർന്നത് അസാധാരണമാണ് എന്നാണ് ഉയരുന്ന വിമർശനം. എന്തിനാണ് മസ്ക് ഫോൺ സംഭാഷണത്തിൽ പങ്കെടുത്തതെന്നോ ചർച്ചയിൽ ഏത് തരത്തിലുള്ള പങ്കാളിത്തമാണ് വഹിച്ചതെന്നോ വ്യക്തതയില്ല.
ഹോർമുസ് കടലിടുക്കിലെ സ്ഥിരത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിൻ്റെയും മോദിയുടെയും ഫോൺ സംഭാഷണം.അതീവ പ്രധാന്യമുള്ള ദേശീയ സുരക്ഷാ വിവരങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്താക്കാവുന്ന സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയാകുന്നത് നയതന്ത്ര കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും വിമർശനം ഉയരുന്നുണ്ട്.
ഫെബ്രുവരി 28 ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമാണ് ഇത്. എന്നാൽ മസ്‌ക് എന്തിനാണ് ഫോണിൽ സംസാരിച്ചതെന്നോ അദ്ദേഹം സംസാരിച്ചോ എന്നോ വ്യക്തമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭാഷണത്തിനിടെ, ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവും ആക്സസ് ചെയ്യാവുന്നതുമായി നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പറ്റിയും മോദി അടിവരയിട്ടു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക ക്ഷേമത്തിനും ഇത് അത്യന്താപേക്ഷിതമാണെന്നും മോദി ചൂണ്ടിക്കാട്ടി.