വാഷിങ്ടൺ ഡിസി: തൻ്റെ പ്രസംഗത്തിൻ്റെ വീഡിയോ എഡിറ്റ് ചെയ്തതായി സമ്മതിച്ചതിന് പിന്നാലെ ബിബിസി അഞ്ച് ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അടുത്ത ആഴ്ച തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ട്രംപ് അറിയിച്ചു. ബിബിസി വരുത്തിയ പിഴവ് തൻ്റെ പ്രശസ്തിക്ക് മങ്ങലേൽപ്പിച്ചു. സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമായി. ഈ നഷ്ടങ്ങളൊക്കെ നോക്കിയാൽ മാപ്പ് പറഞ്ഞാൽ മാത്രം പോരെന്ന് ട്രംപ് പറഞ്ഞു.
ഡോക്യുമെൻ്ററി പിൻവലിക്കുകയോ, ക്ഷമാപണം നടത്തുകയോ, നഷ്ടപരിഹാരം നൽകുകയോ, അല്ലെങ്കിൽ ഒരു ബില്യൺ ഡോളറിൽ കുറയാത്ത കേസ് നേരിടുകയോ ചെയ്യണമെന്ന് ട്രംപിൻ്റെ അഭിഭാഷകർ ബിബിസിയെ അറിയിച്ചിരുന്നു. എന്നാൽ എഡിറ്റിങ്ങിൽ പിഴവ് സംഭവിച്ചുവെന്ന് ബിബിസി സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
"എൻ്റെ വായിൽ നിന്നും വന്ന വാക്കുകളെ അവർ വളച്ചൊടിച്ചു. ഒരു ബില്യൺ മുതൽ 5 ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞങ്ങൾ അവർക്കെതിരെ കേസെടുക്കും,അത് അടുത്ത ആഴ്ച എപ്പോഴെങ്കിലും ആയിരിക്കും.അതായത് അവർ വഞ്ചിച്ചുവെന്ന് പോലും സമ്മതിച്ചിട്ടുണ്ട്" എയർഫോഴ്‌സ് വണ്ണിൽ സംസാരിക്കവെ ട്രംപ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.