ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുടെ പടുകുഴിയിൽ വീണ് ഇന്ത്യയേയും റഷ്യയേയും നഷ്ടപ്പെട്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. മൂന്ന് രാജ്യങ്ങൾക്കും "സമൃദ്ധമായ" ഭാവി ആശംസിക്കുകയാണെന്നും ട്രംപ് പരിഹാസത്തോടെ പറഞ്ഞു. മോദി- ഷി - പുടിൻ ചിത്രം പങ്കുവെച്ചായിരുന്നു ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
ഈ ആഴ്ച ടിയാൻജിനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെയാണ് ഡൊണാൾഡ് ട്രംപിൻ്റെ പരാമർശം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ പരിഹാസ പോസ്റ്റ്.
"ചൈനയുടെ ഇരുണ്ട ഗർത്തതിനുള്ളിൽ, നമുക്ക് ഇന്ത്യയെയും റഷ്യയെയും നഷ്ടപ്പെട്ടതായി തോന്നുന്നു. മൂന്ന് രാജ്യങ്ങൾക്കും ദീർഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെ," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പുടിന്റെ കൊളോണിയൽ പരാമർശത്തിന് പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിക്കവെ ഇന്ത്യക്കുള്ള പിന്തുണ പുടിൻ വ്യക്തമാക്കിയിരുന്നു . കൊളോണിയൽ കാലഘട്ടം അവസാനിച്ചെന്നും, ഇനി പങ്കാളികളുമായി സംസാരിക്കുമ്പോൾ ആ സ്വരം ഉപയോഗിക്കാൻ കഴിയില്ലെന്നുമായിരുന്നു പുടിൻ്റെ പ്രസ്താവന. അന്താരാഷ്ട്ര ബന്ധങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശങ്ങളുണ്ടെന്നും ബീജിങ്ങിലെ ദിയാവുതായ് സ്റ്റേറ്റ് ഗസ്റ്റ്ഹൗസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പുടിൻ പറഞ്ഞു.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഉയർച്ച അംഗീകരിച്ചിട്ടും, ആഗോള രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകികൊണ്ടായിരുന്നു പുടിൻ്റെ പ്രസ്താവന. "എല്ലാ രാജ്യങ്ങൾക്ക് അവരുടെ ചരിത്രത്തിൽ ദുഷ്‌കരമായ കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൊളോണിയലിസം, ദീർഘകാലമായി പരമാധികാരത്തിനെതിരായ ആക്രമണങ്ങൾ എന്നിങ്ങനെ നിരവധി പ്രതികൂല കാലഘട്ടങ്ങൾ. ഇപ്പോൾ കൊളോണിയൽ യുഗം അവസാനിച്ചതിനാൽ, തങ്ങളുടെ പങ്കാളികളുമായി സംസാരിക്കുമ്പോൾ ഈ സ്വരം ഉപയോഗിക്കാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കണം," പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകികൊണ്ട് പുടിൻ പറഞ്ഞു.