വാഷിങ്ടൺ സിറ്റി: ഹമാസിന് ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽ കൂട്ടക്കുരുതി തുടർന്നാൽ ഹമാസിനെ അവിടെ എത്തി വകവരുത്തുമെന്നാണ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രണ്ടുവർഷത്തെ യുദ്ധത്തിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും പച്ചക്കൊടി വീശിയത്. കരാർ നിലവിൽ വന്നതിന് പിന്നാലെ ഗാസയിൽ ഉണ്ടായ ആഭ്യന്തര ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ട്രംപ് മുന്നറിയിപ്പ് പുറത്തുവിട്ടത്.
ഗാസയിൽ ജനങ്ങളെ കൊല്ലുക എന്നത് കരാറിൽ ഇല്ലാത്ത കാര്യമണ്. ഇനിയും ആക്രമണം തുടർന്നാൽ അവരുള്ളിടത്ത് പോയി അവരെ വകവരുത്തുക എന്നത് അല്ലാതെ മറ്റ് മാർഗമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഒന്നുകിൽ അവർ നിരായുധീകരാകണം, അല്ലെങ്കിൽ നമ്മൾ അത് ചെയ്യും, ഒരുപക്ഷേ അത് വേഗത്തിലും, അക്രമാസക്തവുമായ രീതിയിൽ ആയേക്കാമെന്ന് ട്രംപ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
എന്നാൽ യുഎസ് സൈന്യം ആയിരിക്കില്ല ഇത് ചെയ്യുന്നതെന്നും, യുഎസ് സൈന്യത്തോട് അത് ചെയ്യാൻ താൻ ആവശ്യപ്പെടില്ലെന്നും ട്രംപ് പറഞ്ഞതായി ദി മിൻ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ അത് ചെയ്യാൻ വളരെ അടുത്തുള്ള ആളുകളുണ്ട്. അവർ ചെന്നാൽ ഈ കാര്യങ്ങൾ വളരെ എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞതായും റിപ്പോർട്ട് ചെയ്തു.