വാഷിങ്ടൺ: വെനസ്വേലയുടെ ആത്യന്തിക ചുമതല തനിക്കാണ് എന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അടുത്ത 30 ദിവസത്തേക്ക് വെനസ്വേലയിൽ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുണ്ടെന്നും അതിന് സമയമെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. വെനസ്വേലയിൽ വീണ്ടുമൊരു സൈനിക നടപടിക്ക് മടിക്കില്ലെന്ന് നേരത്തേ ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യക്കുമെതിരായ യുഎസ് സൈനിക നടപടികളെ തുടർന്ന് വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അധികാരമേറ്റിരുന്നു. വെനസ്വേലയുടെ ഭാവി കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ തയ്യാറല്ലെങ്കിൽ ഡെൽസി കനത്ത വില നൽകേണ്ടി വരുമെന്നും അത് ചിലപ്പോൾ മഡൂറോയ്ക്ക് ലഭിച്ചതിനേക്കാൾ വലുതാകാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. രാജ്യം വെല്ലുവിളികളെ പ്രതിരോധിക്കുമെന്ന് ഡെൽസി റോഡ്രിഗസും വ്യക്തമാക്കി.
മയക്കു മരുന്ന്, ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ മറ്റു ആയുധങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്‌ക്കെതിരെ ആയുധങ്ങൾ ഉപയോഗിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിരുന്നത്. യുഎസ് കോടതിയിൽ ഹാജരാക്കിയ സമയം താൻ നിരപരാധിയാണെന്നും ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണ് എന്നുമായിരുന്നു നിക്കോളാസ് മഡൂറോ യുഎസ് കോടതിയിൽ പറഞ്ഞത്. മഡൂറോയുടെ ഭാര്യ സീലിയ ഫ്ലോറെസും കോടതിയില്‍ നിരപരാധിയാണെന്ന് വാദിച്ചു.