വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ വസതിയിൽ കയറി ബന്ദിയാക്കി യുഎസിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് യുഎസ് നാവിക സേനയുടെ യുഎസ്എസ് ഇവോ ജീമ എന്ന യുദ്ധക്കപ്പലാണ്. അത്യാധുനിക യുദ്ധ വിമാനങ്ങളുള്ള, പടകപ്പലുകളെ മുന്നിൽ നിന്ന് നയിക്കുന്ന യുഎസ് നാവികസേനയുടെ കരുത്താണ് ഈ കപ്പൽ. രണ്ടാം ലോക മഹായുദ്ധത്തിലെ ഇവോ ജീമ യുദ്ധത്തിൻ്റെ പേരിലാണ് ഈ കപ്പൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ നാവികസേനയുടെ ഫ്ലോറ്റിങ് മിലിട്ടറി ബേസാണ് യുഎസ്എസ് ഇവോ ജീമ. കടലിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാനും നങ്കൂരമിടാനും സാധിക്കുന്ന അമേരിക്കയുടെ കടലിലെ കോട്ട. ആയിരക്കണക്കിന് സൈനികരെ വഹിക്കാൻ കഴിയുന്ന, ഫൈറ്റർ വിമാനങ്ങൾക്ക് പറന്നുയരാൻ മിനി എയർ ഫീൽഡ് സംവിധാനമുള്ള , 140 അടി ഫ്ലൈറ്റ് ഡെക്ക് ഉള്ള , എതിരാളികളെ ഭയപ്പെടുത്തുന്ന അമേരിക്കൻ നേവിയുടെ കരുത്ത്.
രണ്ടാം ലോക മഹായുദ്ധത്തിലെ ഇവോ ജീമ യുദ്ധത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട നാവിക സേനയുടെ രണ്ടാമത്തെ യുദ്ധകപ്പലാണിത്. ഒരു രാജ്യത്തിൻ്റെ മുഴുവൻ പ്രതിരോധ സംവിധാനങ്ങളെയും കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ ആക്രമിക്കാൻ സർവ്വ സജ്ജമായ അമേരിക്കൻ യുദ്ധക്കപ്പൽ.
ആയിരക്കണക്കിന് സൈനികരെ ഈ യുദ്ധക്കപ്പലിന് വഹിക്കാനാകും. പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും തുടങ്ങി ഒരു യുദ്ധത്തെ നേരിടാൻ ആവശ്യമായതെല്ലാം ഈ കപ്പലിലുണ്ട്. കടലിൽ നിന്ന് കരയിലേക്ക് ശരവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹോവർക്രാഫ്റ്റുകളും എൽകേക്ക്സുമാണ് മറ്റൊരു സവിശേഷത. കപ്പലിലെ വെൽ ഡെക്ക് സംവിധാനമാണ് ഇതിന് പിന്നിൽ. അത്യാധുനിക ആശയവിനിമയ സംവിധാനമുള്ള കപ്പലിൽ കടൽ, വ്യോമാക്രമണങ്ങൾക്ക് പ്രത്യേകം സംവിധാനങ്ങളുമുണ്ട്.