

യുഎസിലേക്ക് കുടിയേറിയ വ്യക്തികൾക്ക് നൽകുന്ന ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കുമെന്ന് ട്രംപ് ഭരണകൂടം . വാഷിംഗ്ടൺ ഡിസിയിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്നാണ് തീരുമാനം. അഫ്ഗാൻ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് നൽകിയ എല്ലാ ഗ്രീൻ കാർഡുകളും ട്രംപ് ഭരണകൂടം പുനഃപരിശോധിക്കാൻ ഉത്തരവിട്ടു.
ആശങ്കയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാവരുടെയും ഗ്രീൻ കാർഡ് കർശനമായി പുനഃപരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ പറഞ്ഞു.
അക്രമി അഫ്പാനിസ്ഥാൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ മുമ്പ് അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്നയാളാണ്. 29 കാരനായ പ്രതിക്ക് ഈ വർഷം ഏപ്രിലിലാണ് യുഎസിൽ അഭയം ലഭിച്ചത്. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള മിക്കവാറും എല്ലാ പൗരന്മാരുടേയും പ്രവേശനം വിലക്കുന്നതാണ് ഉത്തരവ്.
മ്യാൻമർ, ചാഡ്, കോംഗോ-ബ്രാസാവില്ലെ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവയാണ് വിലക്ക് ബാധകമായിട്ടുള്ള മറ്റ് 11 രാജ്യങ്ങൾ.
ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള ചില താൽക്കാലിക തൊഴിൽ വിസകൾ അനുവദനീയമാണ്.