നോർവേ: ഓസ്ലോയില്‍ നടക്കുന്ന നോബല്‍ പുരസ്കാര ദാന ചടങ്ങില്‍, സമാധാന പുരസ്കാര ജേതാവായ വെനെസ്വെലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ, പങ്കെടുക്കില്ലെന്ന് നോർവീജിയന്‍ നോബല്‍ കമ്മിറ്റി. പകരം, മച്ചാഡോയെ പ്രതിനീധീകരിച്ച് മകള്‍ ആനാ കൊറിന സോസാ മച്ചാഡോ പുരസ്കാരം ഏറ്റുവാങ്ങും. സുരക്ഷ കണക്കിലെടുത്താണ് യാത്ര ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.
ഒരു ദശാബ്ദത്തിലധികമായി വെനെസ്വെലന്‍ സർക്കാരിന്‍റെ യാത്രാ ഉപരോധം നേരിടുന്ന മച്ചാഡോ, ഒരു വർഷമായി ഒളിവിലാണ്. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമാധാനപരമായ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയ്ക്കാണ് ഒക്ടോബർ 10ന് മച്ചാഡോയെ നോബല്‍ സമാധാന പുരസ്കാര ജേതാവായി തിരഞ്ഞെടുത്തത്.
നോർവീജിയൻ നൊബേൽ കമ്മിറ്റി അവരെ അവാർഡ് സ്വീകരിക്കാൻ ഓസ്ലോയിലേക്ക് ക്ഷണിച്ചിരുന്നു, അവിടെ വെച്ച് ഹരാൾഡ് രാജാവ്, സോൻജ രാജ്ഞി, അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി, ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവ എന്നിവരുൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് മരിയക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
പുരസ്‌കാരത്തിനായി പരസ്യമായി അവകാശവാദമുന്നയിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തള്ളിയാണ് കൊച്ചാഡോ സമാധാനത്തിനുള്ള നൊബേൽ നേടിയത്. ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈയെടുത്തുവെന്നും സമാധാനത്തിനുള്ള നോബെല്‍ സമ്മാനം തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും ട്രംപ് പലവട്ടം പ്രസ്താവനകള്‍ നടത്തിയിരുന്നു.