"റഷ്യയുടെ നുണകളില്‍ മറ്റൊന്നുകൂടി"; പുടിന്റെ വസതിക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണം തള്ളി സെലന്‍സ്‌കി
കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വീട് ലക്ഷ്യമാക്കി യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യയുടെ വാദം തള്ളി വൊളോഡിമര്‍ സെലന്‍സ്‌കി. റഷ്യയുടെ സ്ഥിരം നുണകളില്‍ ഒന്ന് എന്നാണ് സെലന്‍സ്‌കി ഈ വാദത്തെ പരിഹസിച്ചത്.
"റഷ്യന്‍ ഫെഡറേഷനില്‍ നിന്ന് മറ്റൊരു നുണകൂടി. തലസ്ഥാനത്തോ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളിലോ ആക്രമണം നടത്താനായി അവര്‍ വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു," എന്നാണ് സെലന്‍സ്‌കി പറഞ്ഞത്.
എല്ലാവരും കരുതിയിരിക്കണമെന്നും തലസ്ഥാനത്ത് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. മറുപടി നല്‍കുമെന്ന തരത്തില്‍ പുടിന്‍ പ്രതികരിച്ചതിനാല്‍ പ്രത്യേകിച്ചും ആക്രമണങ്ങളെക്കുറിച്ച് ശ്രദ്ധിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.
മോസ്‌കോയ്ക്കും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനുമിടയിലുള്ള പുടിന്റെ വീടിന് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ആരോപിച്ചത്. പുടിന്റെ വസതി ലക്ഷ്യമാക്കി പതിച്ച 91 ഡ്രോണുകള്‍ വെടിവച്ചിട്ടെന്നും ലാവ്‌റോവ് പറഞ്ഞു.
ആക്രമണം നടന്ന പശ്ചാത്തലത്തില്‍, യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ റഷ്യയുടെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നും ലാവ്‌റോവ് പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെയാണ് വാദം തള്ളിക്കൊണ്ട് സെലന്‍സ്‌കി രംഗത്തെത്തിയത്. നാല് വര്‍ഷത്തോളമായി നീണ്ട് നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തി വരുന്ന ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തിയെന്നും സെലന്‍സ്‌കി പറഞ്ഞു.

