
ഭൂകമ്പം, വെള്ളത്തിനടിയിലെ അഗ്നിപർവത സ്ഫോടനങ്ങൾ, സമുദ്രത്തിൻ്റെ അടിത്തട്ടിലെ മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടാകുന്ന കൂറ്റൻ തിരമാലകളാണ് സുനാമികൾ. വെള്ളത്തിനടിയിലെ ഭൂകമ്പത്തിന് ശേഷം സമുദ്രത്തിന്റെ അടിത്തട്ട് ഉയരുകയും താഴുകയും ചെയ്യുന്നു. ഇത് ജലത്തെ മുകളിലേക്കും താഴേക്കും ഉയർത്തുന്നു.
ഇതിൽ നിന്നുള്ള ഊർജ്ജം കടൽ ജലത്തെ ശക്തമായ തിരമാലകളായി മാറ്റുന്നു. സുനാമിയെ പലരും ഒറ്റ തിരമാല എന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്. അവ സാധാരണയായി വേലിയേറ്റം പോലെ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒന്നിലധികം തിരമാലകളാണ്.
സുനാമി വരുമെന്ന് സൂചന ലഭിക്കുമ്പോൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനാണ് അധികാരികൾ ആളുകളോട് ആവശ്യപ്പെടാറുള്ളത്. ചിലപ്പോൾ സുനാമി മുന്നറിയിപ്പുകൾ നൽകുമ്പോൾ ഉയർന്ന പ്രദേശങ്ങളിലെ സ്കൂൾ പോലുള്ള കെട്ടിടങ്ങൾ ഒത്തുചേരൽ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കാറുണ്ട്. മറ്റു ചിലപ്പോൾ ഉയരമുള്ള കുന്നിൻ ചരിവിലേക്ക് പോകാൻ താമസക്കാരെ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തീരപ്രദേശത്ത് നിന്ന് എത്ര അകലെയാണെന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ഒരു വലിയ ഭൂകമ്പം ഉണ്ടായ സ്ഥലത്തിന് സമീപം തിരമാലകൾ കരയിൽ പതിക്കാൻ മിനിറ്റുകൾ മാത്രമേ എടുക്കാറുള്ളൂ. പസഫിക് സമുദ്രം കടക്കാൻ സുനാമി മണിക്കൂറുകൾ എടുത്തേക്കാം.
സുനാമി തിരമാലകളുടെ വേഗത സമുദ്രത്തിന്റെ ആഴത്തെ ആശ്രയിച്ചിരിക്കുന്നു. അവ ആഴമേറിയ വെള്ളത്തിൽ വേഗത്തിൽ സഞ്ചരിക്കുകയും ആഴം കുറഞ്ഞ വെള്ളത്തിൽ വേഗത കുറയ്ക്കുകയും ചെയ്യുന്നു.