ഭൂകമ്പത്തില്‍ സ്വന്തം കുഞ്ഞ് മരിച്ചു, പിന്നാലെ സാമൂഹ്യസേവനം; ആരാണ് നേപ്പാളില്‍ ജെൻ സി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സുദന്‍ ഗുരുങ്?

'രാജ്യത്തെ പഴയ ഭരണ സാഹചര്യങ്ങളെ വെല്ലുളിച്ച് പുതിയ തലമുറ മുന്നോട്ട് വരേണ്ട സമയമാണിത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാം'
ഭൂകമ്പത്തില്‍ സ്വന്തം കുഞ്ഞ് മരിച്ചു, പിന്നാലെ സാമൂഹ്യസേവനം; ആരാണ് നേപ്പാളില്‍ ജെൻ സി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സുദന്‍ ഗുരുങ്?
Published on

നേപ്പാളില്‍ പ്രധാനമന്ത്രി ശര്‍മ ഒലി രാജിവച്ച് നാടുവിട്ടിട്ടും ജെന്‍ സി പ്രക്ഷോഭം ആളിപ്പടരുകയാണ്. കേവലം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധമായല്ല നേപ്പാളില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ കാണേണ്ടത്. അത് നീണ്ട നാളുകളായി നടക്കുന്ന രാജ്യത്തെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും അഴിമതിക്കെതിരെയും നാട്ടിലെ യുവാക്കള്‍ തെരുവിലിറങ്ങിയ കാഴ്ചയാണ്. ഇതിനകം രാജ്യമെങ്ങും പ്രതിഷേധം വ്യാപിച്ചു കഴിഞ്ഞു. മന്ത്രിമാരെ സൈന്യം ഇടപെട്ട് അവരുടെ ഔദ്യോഗിക വസതികളില്‍ നിന്ന് മാറ്റി തുടങ്ങി. ഭൈസെപട്ടിയിലെ മന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ തീയിടുകയും ചെയ്തു.

ശര്‍മ ഒലിക്ക് പുറമെ ആഭ്യന്തര മന്ത്രി, കൃഷിമന്ത്രി, യുവജന-കായിക മന്ത്രി, ജല വകുപ്പ മന്ത്രി എന്നിവരും ഇതിനകം രാജിവച്ചു കഴിഞ്ഞു. 25 ലധികം പേര്‍ക്ക് ഇതിനകം പ്രതിഷേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. യുവജന പ്രക്ഷോഭം ശക്തമായി നേപ്പാളില്‍ തുടരുകയും ചെയ്യുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ക്കിടയിലാണ് സുദാന്‍ ഗുരുങ്ങ് എന്ന പേര് ഉയര്‍ന്നുവന്നത്. ആരാണ് നേപ്പാളിലെ ജെന്‍ സി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുദാന്‍ ഗുരുങ്? എന്താണ് നേപ്പാളില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ എന്‍ജിഒയ്ക്ക് ഉള്ള പങ്ക്?

ഭൂകമ്പത്തില്‍ സ്വന്തം കുഞ്ഞ് മരിച്ചു, പിന്നാലെ സാമൂഹ്യസേവനം; ആരാണ് നേപ്പാളില്‍ ജെൻ സി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സുദന്‍ ഗുരുങ്?
നേപ്പാളിൽ ആളിക്കത്തി ജെൻ സി പ്രതിഷേധം: രാജിവച്ച് നാടുവിട്ട് പ്രധാനമന്ത്രി കെ.പി. ശർമ ഒലി, കമ്മ്യൂണിസ്റ്റ് സർക്കാർ വീണു?

ആരാണ് സുദന്‍ ഗുരുങ്?

യുവാക്കള്‍ നടത്തുന്ന 'ഹാമി നേപ്പാള്‍' എന്ന എന്‍ജിഒയുടെ പ്രസിഡന്റാണ് 36കാരനായ സുദന്‍ ഗുരുങ്. വിവിധ ദുരന്തങ്ങളില്‍ അകപ്പെട്ടവര്‍ക്ക് കൈസഹായമായി പ്രവര്‍ത്തിക്കുകയാണ് സുദന്‍. 2015ലെ നേപ്പാളിലെ ഭൂകമ്പത്തിന് പിന്നാലെ രൂപീകരിച്ച എന്‍ജിഒ ആണ് ഹാമി നേപ്പാള്‍. ഇതുവഴി, ഭൂകമ്പം, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങി വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ അന്താരാഷ്ട്ര ഫണ്ടുകളും സംഭാവനകളും അടിയന്തര സേവനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് എന്‍ജിഒയിലൂടെ സുദന്‍ ചെയ്യുന്നത്.

ഗുരുങ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലേക്കും സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്കുമൊക്കെ കടന്നു വന്നതിന് വ്യക്തിപരമായ ഒരു കാരണവുമുണ്ട്. 2015ലെ നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ ഗുരുങ്ങിന് നഷ്ടപ്പെട്ടത് സ്വന്തം കുഞ്ഞിനെയാണ്.

''കുഞ്ഞ് എന്റെ കൈയ്യില്‍ കിടന്നാണ് മരിച്ചത്. ആ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല,' എന്നാണ് ഗുരുങ് ഒരു പത്രത്തോട് പറഞ്ഞത്. അങ്ങനെയാണ് ഹാമി നേപ്പാളിന് തുടക്കം കുറിയ്ക്കുന്നത്. പതുക്കെ ഹാമി നേപ്പാളിന് ശക്തമായ പിന്തുണ പല കോണുകളില്‍ നിന്നും ലഭിക്കുകയുണ്ടായി. പ്രശസ്ത നേത്ര വിദഗ്ധന്‍ ഡോ. സാന്ദുക് റൂട്ട് ഹാമി നേപ്പാളിന്റെ മെന്ററായും 2018ലെ നേപ്പാളില്‍ നിന്നുള്ള മിസ് യൂണിവേഴ്‌സ് മനിത ദേവ്‌കൊട്ട ഹാമി നേപ്പാളിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആയും നിലകൊള്ളുന്നു.

1600 ഓളം അംഗങ്ങളുള്ള എന്‍ജിഒയ്ക്ക് ഇന്ന് അല്‍ ജസീറ, വൈബര്‍, കൊക്ക കോള, ഗോള്‍ഡ് സ്റ്റാര്‍, മള്‍ബറി ഹോട്ടല്‍സ് തുടങ്ങി പ്രബല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട്.

ഭൂകമ്പത്തില്‍ സ്വന്തം കുഞ്ഞ് മരിച്ചു, പിന്നാലെ സാമൂഹ്യസേവനം; ആരാണ് നേപ്പാളില്‍ ജെൻ സി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സുദന്‍ ഗുരുങ്?
ആളിപ്പടർന്ന് ജെൻ സി പ്രക്ഷോഭം, സമൂഹമാധ്യമ വിലക്ക് നീക്കി നേപ്പാൾ സർക്കാർ; അന്വേഷണത്തിന് പ്രത്യേക സമിതി

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതോടെയാണ് ഹാമി നേപ്പാള്‍ സെപ്തംബര്‍ എട്ടിന് മൈതിഘര്‍ മണ്ഡാലയില്‍ വെച്ച് സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എങ്ങനെ പ്രതിഷേധിക്കാമെന്ന പേരില്‍ ഹാമി നേപ്പാളിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെട്ടു. പ്രധാനമായും കുട്ടികളോടായിരുന്നു ഹാമി നേപ്പാള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. യൂനിഫോം ധരിച്ച് പുസ്തകങ്ങളും ബാഗുകളും സമാധാനത്തിന്റെ ചിഹ്നങ്ങളായി ഉപയോഗിച്ച് പ്രതിഷേധിക്കാനായിരുന്നു ആഹ്വാനം.

പ്രതിഷേധം സമാധാനപരമായി സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും സുദന്‍ നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധത്തിന്റെ സ്വഭാവം മാറുകയായിരുന്നു. ആദ്യം അഴിമതി അവസാനിപ്പിക്കൂ എന്നിട്ടാകാം സോഷ്യല്‍ മീഡിയ റദ്ദാക്കുന്നതെന്നായിരുന്നു രാജ്യം മുഴുവന്‍ മുഴങ്ങിക്കേട്ട പ്രതിഷേധക്കാരുടെ മുദ്രാവാക്യം.

'രാജ്യത്തെ പഴയ ഭരണ സാഹചര്യങ്ങളെ വെല്ലുളിച്ച് പുതിയ തലമുറ മുന്നോട്ട് വരേണ്ട സമയമാണിത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാം,' എന്നുമാണ് സുദന്‍ പറയുന്നത്. അദ്ദേഹം പറയുന്നത് പോലെ ഭരണ കെടുകാര്യസ്ഥതയില്‍ മുങ്ങിയ, ദാരിദ്ര്യവും, തൊഴിലില്ലായ്മയും ശക്തമായി ബാധിക്കാന്‍ തുടങ്ങിയ ജനത അതിനെതിരെ നടത്തുന്ന ശക്തമായ പോരാട്ടത്തിനാണ് നേപ്പാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com