

ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ മേഖലയിലെ ചുട്ടെരിച്ച് കാട്ടു തീ. അതിവേഗം വ്യാപിക്കുന്ന കാട്ടുതീയിൽ ഒരു മരണം.300 വീടുകൾ കത്തി നശിച്ചു. ലോങ്‌വുഡ് പട്ടണത്തിനടുത്തുള്ള ഗോബർ ഗ്രാമത്തിൽ നിന്നാണ് മനുഷ്യാവശിഷ്ടം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന തീ അനിയന്ത്രിതമായതോടെ വിക്ടോറിയ സംസ്ഥാനത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്. വിക്ടോറിയയിലും സൗത്ത് വെയിൽസിലുമാണ് കാട്ടു തീ കനത്ത നാശനഷ്ടം വിതക്കുന്നത്. 70 വിമാനങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമവും ആളുകളെ പ്രദേശങ്ങളിൽ നിന്ന് മാറ്റുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. ഉഷ്ണ തരംഗം കടുത്തതാണ് കാട്ടുതീ വ്യാപിക്കുന്നതിന് കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ നിരീക്ഷണം. കാട്ടു തീ ആഴ്ചകളോളം നീണ്ടു നിന്നേക്കുമെന്നും അധികൃതർ ഭയപ്പെടുന്നുണ്ട്. വിക്ടോറിയിൽ ഇതിനകം 350, 000 ഹെക്ടറോളം ഭൂമി കത്തി നശിച്ചിട്ടുണ്ട്. വിക്ടോറിയയിലെ ചെറുപട്ടണമായ ഹാർകോർട്ടിനെയാണ് കാട്ടു തീ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
2020 ൽ 33 പേർ കൊല്ലപ്പെട്ട തീപിടിത്തത്തിന് ശേഷം ഓസ്‌ട്രേലിയയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്. ഇപ്പോഴും മേഖലയിൽ ഉഷ്ണതരംഗം അതിശക്തമായി തുടരുകയാണ്. വിക്ടോറിയയിലെ മെൽബൺ മെട്രോപൊളിറ്റൻ ഉൾപ്പെടെ പല പ്രദേശങ്ങളിലും പടർന്ന പുക വായു ഗുണനിലവാരത്തെയും ബാധിച്ചു കഴിഞ്ഞു.
ഓസ്‌ട്രേലിയയിലെ മുഴുവൻ അഗ്നിശമന സേനാ സംവിധാനങ്ങളും തീ അണയ്ക്കാനുള്ള ദൗത്യത്തിൽ പങ്കാളികളായിരിക്കുകയാണ് . കൂടുതൽ സഹായത്തിനായി കാനഡയുമായും അമേരിക്കയുമായും ചർച്ച നടക്കുകയാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് വ്യക്തമാക്കി.