
ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയുന്നത് വഴി ജനങ്ങള്‍ മനുഷ്യനിര്‍മിത പട്ടിണിയില്‍ വലയുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെട്രോസ് അദാനോം ഗബ്രിയേസസ്. സന്നദ്ധ സംഘടനകള്‍ എത്തിക്കുന്ന ടണ്‍ കണക്കിന് ഭക്ഷണങ്ങള്‍ ഗാസയ്ക്ക് പുറത്ത് കെട്ടിക്കിടക്കുകയാണെന്നും, ഇത് അവസാനിപ്പിച്ച് ഭക്ഷണം എത്തിക്കാനുള്ള സംവിധാനമുണ്ടാകണമെന്നുമുള്ള 100 സന്നദ്ധ സംഘടനകളുടെ അപേക്ഷയ്ക്ക് പിന്നാലെയാണ് ലോകാരോഗ്യ സംഘടനാ തലവന്റെ പ്രതികരണം.
'കൂട്ട പട്ടിണി എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കുക എന്ന് എനിക്ക് അറിയില്ല. ഇത് മനുഷ്യ നിര്‍മിതമാണെന്ന് വ്യക്തവുമാണ്,' ജനീവയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടെഡ്രോസ് അദാനോം പറഞ്ഞു.
ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ തന്നെ ഗാസയില്‍ ഭക്ഷണ ലഭ്യതയ്ക്ക് കുറവുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ അതിര്‍ത്തികടന്ന് സഹായം എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. എന്നാല്‍ ഭക്ഷണമെത്തിക്കുന്നത് മാര്‍ച്ചില്‍ പൂര്‍ണമായും തടഞ്ഞ ഇസ്രയേല്‍ മെയ് മാസത്തില്‍ ഭാഗികമായി ഉപരോധം എടുത്തുമാറ്റിയിരുന്നു. മിലിറ്റന്റ് ഗ്രൂപ്പുകളിലേക്ക് സഹായം എത്തുന്നത് തടയാനാണ് ഉപരോധം എടുത്തുമാറ്റിയെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നതെന്നാണ് ഇസ്രയേല്‍ വാദം.
ഗാസയില്‍ പട്ടിണി മരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഓരോ 24 മണിക്കൂറിലും പത്തിലധികം ആളുകള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാക്കണമെന്നാണ് സന്നദ്ധ സംഘടനകളുടെ ആവശ്യം.
100 ലധികം സന്നദ്ധ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. കഴിഞ്ഞ അഞ്ച് മാസമായി ഗാസയിലേക്ക് വെള്ളമടക്കമുള്ള അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തിയത് പട്ടിണി മരണങ്ങള്‍ വര്‍ധിക്കാനിടയാക്കിയെന്ന് പഠനത്തില്‍ പറയുന്നു. പട്ടിണിയും പോഷകാഹാരക്കുറവും കാരണം ആളുകള്‍ മരിക്കുന്നതായി ഗാസ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിക്കുന്നു.
21 മാസത്തോളമായി തുടരുന്ന ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഏകദേശം 20 ലക്ഷത്തിലധികം ആളുകളാണ് പട്ടിണി അനുഭവിക്കുന്നത്. ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നവര്‍ക്കെതിരെ പല തവണ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തു. വിശപ്പടക്കാന്‍ കാത്ത് നിന്ന സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.
എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായില്ലെങ്കില്‍ ഗാസയിലെ ജനങ്ങളുടെ അവസ്ഥ അതീവ ഗുരുതരമാകുമെന്ന് സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ടണ്‍ കണക്കിന് ഭക്ഷണ സാധനങ്ങള്‍ ഗാസയ്ക്ക് പുറത്ത് അതിര്‍ത്തികളില്‍ കെട്ടികിടക്കുന്നുണ്ട്. ഇസ്രയേല്‍ ഉപരോധമേര്‍പ്പെടുത്തിയത് കൊണ്ട് മാത്രമാണ് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കാത്തതെന്നും സംഘടനകള്‍ വ്യക്തമാക്കി.
ഗാസയിലെ ജനങ്ങള്‍ രൂക്ഷമായ പട്ടിണിയാണ് അനുഭവിക്കുന്നതെന്നും മാനുഷികമായ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു .